ഒഡിഷയിലെ കിയോഞ്ജർ വനമേഖലയിൽ ജനിച്ച കൊച്ചാനക്കുട്ടി ആദ്യമായി കാലുറപ്പിച്ച് നടക്കുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഐ.എൻ.എസ് ഓഫീസർ സുപ്രിയ സാഹുവാണ് ഈ മനോഹര ദൃശ്യം എക്സ് പേജിലൂടെ പങ്കുവെച്ചത്.
ആനക്കൂട്ടത്തിന്റെ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും നിഴലിലാണ് കൊച്ചാനക്കുട്ടി തന്റെ ആദ്യ ചുവടുകൾ വെച്ചത്. കുട്ടി ആനയ്ക്ക് നടക്കാനായി മുതിർന്ന ആനകൾ ചുറ്റും നിന്ന് വഴി ഒരുക്കിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. ചെറിയ കാലുകൾ പതറി, ബാലൻസ് കിട്ടാൻ പാടുപെട്ട് ആനക്കുട്ടി നടക്കാൻ ശ്രമിക്കുന്നത് കണ്ട് കാഴ്ചക്കാരുടെ മനസ് നിറയുകയാണ്.
ഒഡിഷ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ടാണ് സുപ്രിയ സാഹു വീഡിയോ പങ്കുവെച്ചത്. “ഭൂമിക്ക് ഇതൊരു അനുഗ്രഹമാണ്, ഒരു കൊച്ചാനക്കുട്ടി ലോകത്തേക്ക് തന്റെ ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒഡിഷയിലെ കിയോഞ്ജർ വനമേഖലയിലാണ് ഈ പുതിയ അതിഥി എത്തിയിരിക്കുന്നത്. അവൾ ആരോഗ്യത്തോടെയും സ്വതന്ത്രയായും കാട്ടിൽ വളരട്ടെയെന്ന് ആശംസിക്കുന്നു” – അവർ കുറിച്ചു.
ആനക്കൂട്ടം കാട്ടിൽ തീർക്കുന്ന ഈ സ്നേഹക്കൂട്ടിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കണ്ടിരിക്കുന്നത്.
