കാമുകിയെ കാണണമെന്ന ആവശ്യവുമായി രാജസ്ഥാനിൽ ഇരുപത്തിയൊൻപതുകാരൻ മൊബൈൽ ടവറിന് മുകളിൽ കയറി പരിഭ്രാന്തി പരത്തി. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പോലീസ് ഇടപെട്ടാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
രാജസ്ഥാനിലെ ഭിവടിയിലാണ് സംഭവം. ശൈലേന്ദ്ര കുമാർ എന്ന യുവാവാണ് കാമുകിയെ കാണാൻ വേണ്ടി അർധരാത്രിയോടെ മൊബൈൽ ടവറിന് മുകളിൽ കയറിയത്. താഴെയിറങ്ങാൻ നാട്ടുകാരും പോലീസും ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. വിവരമറിഞ്ഞ് വലിയൊരു ജനക്കൂട്ടം ടവറിന് താഴെ തടിച്ചുകൂടുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ചോപാങ്കി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മണിക്കൂറുകളോളം നടത്തിയ അനുനയനീക്കത്തിനൊടുവിലാണ് ശൈലേന്ദ്ര താഴെയിറങ്ങാൻ തയ്യാറായത്. താഴെ എത്തിയ ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
