29കാരനായ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ പ്രതിവർഷം 25 ലക്ഷം രൂപ ശമ്പളമുള്ള ജോലി രാജിവെച്ച്, “ഇനി ജോലി ചെയ്യാൻ താല്പര്യമില്ല” എന്ന് വ്യക്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. മാനസികമായ കടുത്ത സമ്മർദ്ദവും അമിതമായ ജോലിഭാരവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം എന്ന് യുവാവ് വെളിപ്പെടുത്തി.
6 വർഷത്തോളം ഐടി മേഖലയിൽ പ്രവൃത്തിപരിചയമുള്ള 29 വയസ്സുകാരനായ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ. കോളേജ് കാലം മുതൽ ജോലിക്ക് പുറമെ ഫ്രീലാൻസിങ്, ട്യൂഷൻ തുടങ്ങി നിരവധി ജോലികളിൽ ഇദേഹം ഏർപ്പെട്ടിരുന്നു. വർഷങ്ങളായി പണത്തിനും കരിയർ വളർച്ചയ്ക്കും പിന്നാലെയുള്ള ഈ നെട്ടോട്ടം ഒടുവിൽ കടുത്ത മാനസിക വിരസതയ്ക്കും തളർച്ചയ്ക്കും കാരണമായി.
ഇനി ഇത് മതിയാക്കാം, എന്ന് ഉറപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി രാജിവയ്ക്കുകയായിരുന്നു. നിലവിൽ തന്റെ കൈയിലെ സമ്പാദ്യമായ 15 ലക്ഷം രൂപയുമായി ഹിമാചൽ പ്രദേശിലെ മനാലിയിലേക്ക് താമസം മാറാനാണ് ഇദ്ദേഹം പദ്ധതിയിടുന്നതെന്ന് വ്യക്തമാക്കുന്നു.
തത്കാലം മറ്റൊരു ജോലി അന്വേഷിക്കുന്നില്ലെന്നും കോർപ്പറേറ്റ് ജീവിതത്തിലേക്ക് ഉടൻ മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങി സാവധാനത്തിലുള്ള ഒരു ജീവിതശൈലി ഇപ്പോഴുള്ള തീരുമാനമെന്നും പറയുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. പണത്തേക്കാൾ പ്രാധാന്യം മാനസികാരോഗ്യത്തിനാണെന്നും കോർപ്പറേറ്റ് മേഖലയിലെ അമിത ജോലി സമ്മർദ്ദത്തിന് ഇതൊരു കണ്ണുതുറപ്പിക്കുന്ന ഉദാഹരണമാണെന്നും പലരും രേഖപ്പെടുത്തി
