എന്ത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! വിമാന യാത്രയ്ക്കിടയില്‍ ടിക്കാറാം മീണയുടെ 75,000 രൂപ അടിച്ചുമാറ്റി കള്ളന്‍

വിമാനയാത്രയ്ക്കിടെ മോഷണത്തിനിരയായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 75,000 രൂപയാണ് മീണയുടെ ബാഗില്‍ നിന്നും കള്ളന്‍ കവര്‍ന്നത്. ഇത് കാണിച്ച് മീണ പോലീസില്‍ പരാതി നല്‍കി.

ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. ടിക്കാറാം മീണയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് കേസെടുത്തത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ് ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.

സംഭവത്തെക്കുറിച്ച് മീണ പറയുന്നതിങ്ങനെ… ”ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ്. പോകുമ്പോള്‍ ഒരു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. പെട്ടിക്കുള്ളില്‍ ഒരു ബാഗിലാണ് ആ പണം സൂക്ഷിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുത്ത് ഫെബ്രുവരി ഒന്‍പതിനു തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു. തിരിച്ചുവരുമ്പോള്‍ 75,000 രൂപ കയ്യിലുണ്ടായിരുന്നു. 25,000 രൂപ ചെലവഴിച്ചിരുന്നു.

ചെക്ക്-ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സ്യൂട്ട് കേസ് എടുക്കാന്‍ സഹായികളുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് അടുത്ത വിമാനം കയറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഡല്‍ഹിയില്‍ എത്തുന്നത്. ബാക്കിയുണ്ടായിരുന്ന 75,000 രൂപ സ്യൂട്ട് കേസിലുണ്ടായിരുന്നു.

സ്യൂട്ട് കേസ് പൂട്ടിയിരുന്നില്ല. ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് എത്തിയപ്പോള്‍ സ്യൂട്ട് കേസ് പരിശോധിച്ചു. അപ്പോഴാണ് 75,000 രൂപ നഷ്ടമായത് അറിയുന്നത്. പണം സൂക്ഷിച്ചിരുന്ന കവര്‍ ബാഗില്‍ തന്നെയുണ്ടായിരുന്നു. പണം മാത്രമാണ് അതില്‍ നിന്നു എടുത്തിരിക്കുന്നത്.”

എയര്‍ ഇന്ത്യയെ മോഷണവിവരം അറിയിച്ചതായി മീണ പറഞ്ഞു. വലിയതുറ പോലീസിലാണ് പരാതിനല്‍കിയത്.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. എവിടെ വച്ചാണ് പണം നഷ്ടമായതെന്നു വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം ദുസഹമാവുമെന്നാണ് സൂചന.

Related posts

Leave a Comment