ബോളിവുഡിലെ ഇന്റിമേറ്റ് രംഗങ്ങളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും, അതുകാരണം കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പഞ്ചാബി താരം സോനം ബജ്വ. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
“ബോളിവുഡിലെ ചില അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചു. പഞ്ചാബിലെ ജനങ്ങൾ ഇത് അംഗീകരിക്കുമോ…?’ എന്നതായിരുന്നു എന്റെ പേടി. കുടുംബങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നത് എന്ന ചിന്താഗതിയാണ് നമുക്കുള്ളത്. ആ സമയത്ത് സിനിമയിൽ ഒരു ചുംബനരംഗത്ത് അഭിനയിക്കാൻ എനിക്ക് വലിയ പേടിയായിരുന്നു.
എന്നെ ഇന്നത്തെ നിലയിലാക്കിയ പ്രേക്ഷകർ ഇതിനോട് എങ്ങനെ പ്രതികരിക്കും…? ഇത് സിനിമയ്ക്ക് വേണ്ടിയാണെന്ന് എന്റെ കുടുംബത്തിന് മനസ്സിലാകുമോ…? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു. -സോനം വ്യക്തമാക്കി.
എന്നാൽ, ഈ വിഷയത്തിൽ മുൻകൂട്ടി തീരുമാനമെടുത്തതിൽ തനിക്ക് ഇപ്പോൾ ഖേദമുണ്ടെന്നും താരം വെളിപ്പെടുത്തി. ഏതാനും വർഷങ്ങൾക്ക് മുന്പ് തന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചപ്പോഴാണ് അവരുടെ നിലപാട് സോനം തിരിച്ചറിഞ്ഞത്.
“അതൊരു സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ കുഴപ്പമില്ല എന്നായിരുന്നു അവരുടെ മറുപടി. അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് ഞാൻ നേരത്തെ അവരോട് സംസാരിക്കാതിരുന്നത്…? പല കാര്യങ്ങളും നമ്മൾ സ്വന്തം നിലയ്ക്ക് ഊഹിച്ചെടുക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കളോട് ഇത് സംസാരിക്കാൻ എനിക്ക് നാണമായിരുന്നു. എന്നാൽ, അവരാകട്ടെ “സിനിമയ്ക്ക് വേണ്ടിയല്ലേ, അതിൽ പ്രശ്നമൊന്നുമില്ല’ എന്നാണ് പറഞ്ഞത്. -സോനം ഓർത്തെടുത്തു.
പഞ്ചാബി ചലച്ചിത്ര രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് സോനം ബജ്വ. ഹോൺസ്ല രഖ്, കപ്പാൽ, ജിന്ദ് മാഹി, ജിന്ദേ മേരിയേ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. സണ്ണി ഡിയോളിനൊപ്പമുള്ള സോനത്തിന്റെ ഏറ്റവും പുതിയ ചിത്രം “ബോർഡർ 2′ ജനുവരി 23 നാണ് തിയറ്ററുകളിൽ എത്തിയത്.
