“സ്പൈഡർമാൻ’ രക്ഷാപ്രവർത്തനം; കുട്ടിയെ തനിച്ചാക്കിപ്പോയ പിതാവിന് മൂന്ന് മാസം തടവ്

പാരീസ്: അപാർട്മെന്‍റിന്‍റെ നാലാം നിലയിലെ മട്ടുപ്പാവിന്‍റെ അഴികളിൽ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവത്തിനു പിന്നാലെ കുട്ടിയുടെ പിതാവിനെതിരെ നടപടി. മാതാപിതാക്കളുടെ ഉത്തരവാദിത്തം മറന്ന പിതാവിന് മൂന്ന് മാസത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്.

ഒപ്പം ഉത്തരവാദിത്തമുള്ളമുള്ള പിതാവ് എങ്ങനെയായിരിക്കണമെന്ന് മനസിലാക്കാനും ഇദ്ദേഹത്തോട് കോടതി നിർദേശിച്ചു. നേരത്തെ, കുട്ടിയെ രക്ഷിച്ച കുടിയേറ്റക്കാരൻ യുവാവിനു പൗരത്വം നൽകി ഫ്രഞ്ച് സർക്കാർ ആദരിച്ചിരുന്നു. ഓരോ നിലയും കൈകൾകൊണ്ട് അള്ളിപ്പിടിച്ചുകയറിയ മാലി സ്വദേശിയായ മമൂദ് ഗസ്സാമ (22) നാൽപതു സെക്കൻഡ് കൊണ്ട് നാലാം നിലയിലെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

‘സ്പൈഡർമാൻ’ ശൈലിയിലുള്ള രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരുന്നു. പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ ഗസാമയ്ക്ക് ധീരതയ്ക്കുള്ള മെഡൽ സമ്മാനിച്ചശേഷമാണു ഫ്രഞ്ച് പൗരത്വം നൽകിയത്. ഗസാമയ്ക്ക് അഗ്നിശമന സേനയിൽ ജോലിയും ഉറപ്പുനൽകി.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടി അപകടത്തിൽപ്പെടുമ്പോൾ ഫ്ലാറ്റിൽ മാതാപിതാക്കളുണ്ടായിരുന്നില്ല. കുട്ടിയെ ഒറ്റയ്ക്കാക്കി പിതാവ് ഷോപ്പിംഗിന് പോവുകയായിരുന്നു. പിതാവ് തിരിച്ചെത്താൻ വൈകിയപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവിച്ച വീഴ്ചയേക്കുറിച്ച് കുട്ടിയുടെ പിതാവിന് ബോധ്യമുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Related posts