പറവൂർ: നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും പറവൂരിലെ സ്വീകരണ വേദിയിൽ വിമർശനം ആവർത്തിച്ച് കവി ശ്രീകുമാരൻ തമ്പി. മന്നത്ത് പത്മനാഭൻ രൂപം നൽകിയ സംഘടനയുടെ യഥാർഥ ലക്ഷ്യങ്ങളെ ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ കടുത്ത പ്രതികരണം.
വർഗീയതയുടെ ചിഹ്നമായിട്ടല്ല എൻഎസ്എസ് രൂപം കൊണ്ടതെന്ന് ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു. ‘നായർ ഭൃത്യ ജന സംഘം’ എന്നാണ് മന്നത്ത് പത്മനാഭൻ ഈ സംഘടനയ്ക്ക് ആദ്യം പേരിട്ടത്. ഇതാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്. സമുദായത്തെ സേവിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
ചങ്ങനാശേരിയിലെ ആ കസേരയിൽ ഇരിക്കുന്ന ഉന്നതൻ ഇപ്പോൾ നായർ സമുദായത്തിന്റെ ഭൃത്യനായിട്ടാണോ പെരുമാറുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അല്ല, ഒരു രാജാവായിട്ടാണ് അദ്ദേഹം പെരുമാറുന്നതെന്ന് ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി.
ജനങ്ങളായിരിക്കണം എപ്പോഴും മുന്നിൽ നിൽക്കേണ്ടത്. ജനങ്ങളില്ലെങ്കിൽ ഒരു നേതാവുമില്ല എന്ന് മനസ്സിലാക്കുന്നവർക്കേ നല്ല ഭരണാധികാരി ആവാൻ കഴിയൂ. ഈ സത്യം കൃത്യമായി മനസ്സിലാക്കുന്ന വ്യക്തിയാണ് വി.ഡി. സതീശൻ.
പുതിയ മുഖ്യമന്ത്രിയായ വി.ഡി. സതീശനെക്കുറിച്ച് തനിക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ടെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. വേദിയിൽ ഉയർന്ന കയ്യടികളെല്ലാം ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള പ്രതീക്ഷയുടെ പ്രതിഫലനങ്ങളാണ്. വി.ഡി. സതീശൻ വിജയശ്രീലാളിതനാവട്ടെ എന്ന് ആശംസിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
