പത്താംക്ലാസു വരെ മലയാളം മീഡിയത്തില്‍, പഠനത്തിനൊപ്പം നൃത്തത്തോടും ഇഷ്ടം, കഠിനാധ്വാനത്തോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്കു നേടിയ സമീരയുടെ വിജയം ഏവര്‍ക്കും ഒരു പാഠപുസ്തകം

ജോമി കുര്യാക്കോസ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28-ാം റാങ്ക് നേടി എസ്. സമീര കോട്ടയത്തിന് അഭിമാനമായി. കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറമ്പില്‍ പരേതനായ പ്രഫ. സലിം ജോര്‍ജിന്റെയും ഡോ. അയിഷയുടെയും മകളാണ്. പത്താം ക്ലാസ് വരെ സര്‍ക്കാര്‍ സിലബസില്‍ മലയാളം മീഡിയത്തില്‍ പഠിച്ചാണ് സിവില്‍ സര്‍വീസസെന്ന വലിയ നേട്ടത്തിലേക്ക് സമീര എത്തിയത്.

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു കോച്ചിംഗ്. പത്താം ക്ലാസ് വരെ കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിലും പ്ലസ് ടു ഗിരിദീപം സ്‌കൂളിലും പഠിച്ചു. ചെന്നൈ സ്റ്റെല്ല മാരിസ് കോളജില്‍നിന്ന് ബിഎസ്സി ഫിസിക്‌സും ജാര്‍ഖണ്ഡിലെ ധന്‍ബാദ് ഐഐടിയില്‍നിന്ന് എംഎസ്സി ഫിസിക്‌സും കരസ്ഥമാക്കി.

ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോണില്‍ അഞ്ചുവര്‍ഷം ജ്യോതിശാസ്ത്രത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു. ക്ഷീരപഥ നിരീക്ഷണമായിരുന്നു വിഷയം. മൂന്നുവര്‍ഷം മുന്പ് ആ മേഖലയോട് വിടപറഞ്ഞാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. 2015ല്‍ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനു ചേര്‍ന്നു. രണ്ടാമത്തെ ശ്രമത്തിലാണ് സമീരയുടെ റാങ്ക് നേട്ടം.

റാങ്കുണ്ടെന്ന് സഹപാഠി വിളിച്ചു പറഞ്ഞപ്പോള്‍ മുതല്‍ കഞ്ഞിക്കുഴിയിലെ പള്ളിപ്പറന്പില്‍ ആഹ്ലാദം അലതല്ലി. അയല്‍ക്കാരും സുഹൃത്തുക്കളും മധുരവുമായെത്തി. നൂറില്‍ താഴെ റാങ്ക് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നു സമീര പറഞ്ഞു.

അതിലേറെ പ്രതീക്ഷിച്ചതും കാത്തിരുന്നതും അമ്മ ഡോ. അയിഷയാണ്. സമീരയുടെ പിതാവ് പരേതനായ പ്രഫ. സലീം ജോര്‍ജ് നാട്ടകം ഗവണ്‍മെന്റ് കോളജിലെ അധ്യാപകനായിരുന്നു. അയിഷ കാരിത്താസ് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായിരുന്നു.

ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസാകാത്തതില്‍ നിരാശപ്പെടാതെ കൂടുതല്‍ ആത്മവിശ്വാസത്തോടെ തിരിച്ചെത്തിയാണ് സമീര രണ്ടാം ശ്രമത്തില്‍ റാങ്ക് നേടിയത്. പത്താം ക്ലാസ് 15ാം റാങ്ക് നേടിയാണ് പാസായത്. ബിഎസ്സി ഗോള്‍ഡ് മെഡലിസ്റ്റാണ്. സിബിഎസ്ഇ സോണല്‍ കലോത്സവത്തില്‍ കലാതിലകമായിട്ടുണ്ട്. സമ്മര്‍ദങ്ങളില്‍ തളരാതെ ശുഭാപ്തിവിശ്വാസത്തോടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പരിശ്രമിക്കുമെന്ന് എസ്. സമീര പറഞ്ഞു.

പരന്ന വായനയിലൂടെ നേടിയ അറിവും നിശ്ചയദാര്‍ഢ്യവുമാണ് വിജയം കൈവരിക്കാന്‍ സാധിച്ചത്. ദിവസവും എട്ട് മണിക്കൂര്‍ പഠനത്തിനായി മാറ്റിവയ്ക്കുമായിരുന്നു. പഠനത്തോടൊപ്പം കലാരംഗത്തും കഴിവുതെളിയിച്ചിട്ടുള്ള സമീര ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം സമീരയെ വീട്ടിലെത്തി അഭിനന്ദിച്ചു. കോട്ടയം ലൂര്‍ദ് പള്ളിയില്‍ വികാരിയായിരുന്നപ്പോള്‍ മുതല്‍ തനിക്ക് സമീരയെ അടുത്തറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കലാരംഗങ്ങളിലും സണ്‍ഡേസ്‌കൂളിലും ഏറെ സജീവമായിരുന്ന സമീരയുടെ വിജയം അര്‍ഹതപ്പെട്ടതുതന്നെയാണ്. സര്‍വകലാവല്ലഭയായ സമീര ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഏകസഹോദരന്‍ സന്ദീപ് സലിം ദീപിക കോട്ടയം യൂണിറ്റില്‍ സബ് എഡിറ്ററാണ്.

 

 

Related posts