സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലെത്തിയവരെ അഭിനന്ദിക്കുകയാണ് വേണ്ടത്! സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ അവര്‍ എത്തിയല്ലോ; സണ്ണി ലിയോണ്‍ വിഷയത്തില്‍ രഞ്ജിനി ഹരിദാസിന് പറയാനുള്ളത്

ഒരു മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിന് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയതും അവിടെ യുവാക്കള്‍ തടിച്ചുകൂടിയതുമെല്ലാം രണ്ടു ദിവസമായി മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങിന്റെ ഭാഗമായി നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയത് ഇക്കഴിഞ്ഞയാഴ്ചയില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു പോണ്‍ സ്റ്റാര്‍ കൂടിയായ സണ്ണിയെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം മലയാളി യുവത്വത്തിന്റെ സ്വഭാവവൈകല്യത്തെയാണ് എടുത്തുകാണിക്കുന്നത് എന്നാണ് മലയാളികളായ സാഹിത്യകാരന്മാരും മനശാസ്ത്രജ്ഞരുമടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സണ്ണി ലിയോണ്‍ എന്ന പോണ്‍ സ്റ്റാറിനെ കാണാന്‍ കൊച്ചിയിലുണ്ടായ തിരക്ക് എന്തുകൊണ്ടാണെന്ന് വ്യത്യസ്തമായ രീതിയിലാണ് അന്നത്തെ പരിപാടിയുടെ അവതാരക കൂടിയായ രഞ്ജിനി ഹരിദാസ് പ്രതികരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. രഞ്ജിനിയുടെ വാക്കുകളിലൂടെ…

‘നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എന്തു നടന്നാലും ചര്‍ച്ചയാണ്. അങ്ങനെ ഒരു വിഷയമായി സണ്ണി ലിയോണിന്റെ വരവിനേയും കണ്ടാല്‍ മതി. അവിടെ വന്നവരൊക്കെ ലൈംഗിക വൈകൃതമായിട്ടുള്ളവരല്ല. അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. സമൂഹത്തെ ഭയക്കാതെ സണ്ണിയെ കാണാന്‍ ഈ യുവാക്കള്‍ എത്തിയല്ലോ? അതിന് കയ്യടി കൊടുക്കണം. ഇവിടെ ലൈംഗികതയല്ല, ഒരു കൗതുകമാണ്. അവര്‍ കണ്ടത്. വന്നതില്‍ ഭൂരിഭാഗവും ആണുങ്ങളായിരുന്നു. കുറച്ച് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഇതിനെ ഒരു പുതിയ ചലനമായി കണക്കാക്കണം. കേരളത്തില്‍ സെക്‌സിനെക്കുറിച്ച് പറയാന്‍ പാടില്ല. ഇതൊരു മുറിക്കുള്ളില്‍ ഒതുങ്ങേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. മുറിക്കുള്ളിലിരുന്ന് സണ്ണിയുടെ പോണ്‍ വീഡിയോ കണ്ട് പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുന്നതാണ് ഏറ്റവും മോശം. അവര്‍ക്കാണ് ശരിക്കും സ്വഭാവ വൈകല്യമുള്ളത്. സണ്ണി വന്നദിവസം കേരളത്തിലുള്ളവര്‍ അന്നത്തേക്ക് തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മറന്നുവല്ലോ, മറ്റെല്ലാം മറന്ന് അവരുടെ വരവ് ചര്‍ച്ചയായില്ലേ.? മാത്രമല്ല കേരളത്തില്‍ ഇത്രയും പേര്‍ക്ക് സണ്ണിയെ അറിയാമല്ലോ എന്നും എനിക്ക് അതിശയം തോന്നി. സണ്ണിയെ കാണാന്‍വന്നവര്‍ യാതൊരു പ്രശ്‌നവും ഉണ്ടാക്കിയില്ല.

സണ്ണിയും അതുകൊണ്ടാണ് കൊച്ചിക്ക് നന്ദി പറഞ്ഞത്. ഞാന്‍ ഇതുവരെ അവതരിപ്പിച്ച പരിപാടികളിലെ ജനത്തിരക്ക് വിലയിരുത്തുകയാണെങ്കില്‍ മൂന്നാം സ്ഥാനമാണ് ഇതിന് നല്‍കുക. ഒന്നാം സ്ഥാനം മറഡോണ വന്നപ്പോള്‍ കേരളം നല്‍കിയ സ്വീകരണമാണ്. രണ്ടാം സ്ഥാനം ഷാറൂഖാന് നല്‍കിയ വരവേല്‍പ്. മൂന്നാംസ്ഥാനം സണ്ണിയെ കാണാന്‍ വന്ന ജനത്തിരക്കിന് നല്‍കണം. സണ്ണി എത്തിയത് ഒരു പൊതുസ്ഥലത്തായിരുന്നു. എറണാകുളം എംജിറോഡില്‍. ഇതിനുമുമ്പ് ഒരിക്കലേ അവര്‍ കേരളത്തില്‍ വന്നിട്ടുള്ളൂ, അത് വനിതയുടെ സ്റ്റേജ് ഷോയിലാണ്. അതൊരു സ്വകാര്യ ചടങ്ങായയിരുന്നു. എന്നാല്‍ ഇതൊരു പൊതുസ്ഥലമാണ്. അവിടെ ജനങ്ങള്‍ കൂടും .അത് സ്വാഭാവികം. ഏതൊരു താരം വരുമ്പോഴും ഉള്ളതുപോലത്തെ തിരക്കായി മാത്രം ഇതിനെ കണ്ടാല്‍ മതി. സണ്ണി ലിയോണ്‍ എന്ന വ്യക്തിയെ വിലയിരുത്താന്‍ നമ്മള്‍ പഠിക്കണം. അവര്‍ ഒരു പോണ്‍സ്റ്റാറായിരുന്നു. അമേരിക്കന്‍ പൗരത്വവും കനേഡിയന്‍ പൗരത്വവുമുള്ള സ്ത്രീയാണ്. ഇപ്പോള്‍ ബോളിവുഡ് സിനിമകളിലെ നായികയാണ്. പോണ്‍ സിനിമകളില്‍ അഭിനയിക്കുക എന്നത് അവര്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയാണ്, അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അവകാശമില്ല. അവരുടെ സ്വാഭവം വളരെ നല്ലതായിരിക്കും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.

അടുത്തിടെ ഒരു കുഞ്ഞിനെ അവര്‍ ദത്തെടുത്തു. അത്തരം വിഷയമൊന്നും ആര്‍ക്കും ചര്‍ച്ച ചെയ്യേണ്ട. സണ്ണിയെ ഒരു പാട് പേര്‍ പിന്തുണച്ചു. അവരെ കാണാന്‍ ചെന്നവരേയും പിന്തുണച്ചു , എന്നാല്‍ നമ്മുടെ നാട്ടിലെ ഒരു പോണ്‍സ്റ്റാറാണ് അവിടെ എത്തിയതെങ്കില്‍ ഇങ്ങനെ ഒരു സ്വീകരണം ലഭിക്കുമോ എന്നതാണ് ഏറ്റവും തമാശയായി തോന്നിയത്. നമ്മുടെ നാട്ടിലെ പോണ്‍ നടിമാര്‍ അവരുടെ സാഹചര്യങ്ങള്‍ കൊണ്ട് ഇത്തരം സിനിമകളില്‍ തളയ്ക്കപ്പെട്ടവരാണ്. നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയെ മോശമായി കാണിക്കണമെങ്കില്‍ അവളെ സെക്‌സുമായി ബന്ധിപ്പിച്ച് സംസാരിക്കുകയാണ് സമൂഹം ആദ്യം ചെയ്യുന്നത്. അവള്‍ ഇത്തരക്കാരിയാണ് അവളുടെ സ്വഭാവം അറിയാം എന്ന് പറഞ്ഞു പരത്തും. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍ അത് തുറന്നു പറയുക. അല്ലാതെ അവളുടെ സ്വഭാവം മോശമാണെന്ന രീതിയില്‍ സംസാരിക്കരുത്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ നല്ല ഭാഷ ഉപയോഗിക്കുക. നിങ്ങളെ കണ്ട് ചെറിയ കുട്ടികള്‍ വളര്‍ന്നു വരുന്നുണ്ട്. നിങ്ങള്‍ ഇത്തരം ഭാഷ ഉപയോഗിച്ചാല്‍ അവരും നാളെ ഇത് തന്നെ പിന്തുടരും’. രഞ്ജിനി പറയുന്നു.

Related posts