മലയാളി ആരാധകരുടേത് ആത്മാര്‍ഥത നിറഞ്ഞ സ്‌നേഹമെന്ന് സണ്ണി; തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമെന്നും സണ്ണി

കൊച്ചി: ബോളിവുഡ് നടി സണ്ണിലിയോണിന്റെ കേരള സന്ദര്‍ശനം ഒരു സംഭവമായിരുന്നു. സണ്ണിയെ കാണാന്‍ ആയിരങ്ങളാണ് അന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. പഴയ നീലച്ചിത്ര നടിയോടുള്ള ആവേശത്താലാണ് ആളുകള്‍ കൊച്ചിയിലെത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായും പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ ഒരുനോക്കു കാണാനെത്തിയ ആരാധകര്‍ക്കു വേണ്ടി സാക്ഷാല്‍ സണ്ണിലിയോണ്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കൊച്ചിയില്‍ വന്ന ജനങ്ങള്‍ തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഒരു ടിവി ചാറ്റ് ഷോയിലാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും നടി പറഞ്ഞു. ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവും. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല.മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. നേരത്തെ സ്‌നേഹക്കടലായിരുന്നു കൊച്ചിയില്‍ താന്‍ കണ്ടത് എന്ന് സണ്ണി ലിയോണ്‍ വിശേഷിപ്പിച്ചിരുന്നു. എന്റെ കാര്‍ സ്‌നേഹത്തിന്റെ ഒരു കടലില്‍ എത്തിപ്പെട്ടതു പോലെ എന്നാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞത്.

ട്വിറ്ററില്‍ ചിലര്‍ സണ്ണി ലിയോണിനെ ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളുടെ മാതാവായ ഖലീസ്സിയുമായാണ് താരതമ്യപ്പെടുത്തിയത്. ഒരാള്‍ കമന്റ് ചെയ്തത് കേരളത്തില്‍ ബിജെപിയുടെ യോഗത്തില്‍ എത്തുന്നത് പത്തു പേരാണെങ്കില്‍ സണ്ണി ലിയോണിനെ കാണാനെത്തിയത് 10 ലക്ഷം പേരാണ്. അങ്ങനെയെങ്കില്‍ എംപിയാവുന്നതിനു വേണ്ടി സണ്ണി ലിയോണിന് മത്സരിക്കാമെന്നായിരുന്നു. എന്തായാലും സണ്ണിയുടെ മറുപടി കേട്ട വിമര്‍ശകരുടെ കിളിപോയി എന്നു പറഞ്ഞാല്‍ മതി.

 

Related posts