കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചില്ലെങ്കില്‍ സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനാകും, കുമ്മനം കേന്ദ്രമന്ത്രിയാകും, കണക്കുകൂട്ടലുകള്‍ ഇങ്ങനെ

suresകേന്ദ്രമന്ത്രിസഭയുടെ അടുത്ത അഴിച്ചുപണിയില്‍ കേരളത്തില്‍ നിന്നൊരാള്‍ മോദി മന്ത്രിസഭയിലെത്തും. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷമാകും പുനസംഘടന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, രാജ്യസഭ എംപി സുരേഷ് ഗോപി എന്നിവരാണ് മന്ത്രിസഭയിലെത്താന്‍ സാധ്യതയുള്ളവര്‍. മോദിയുമായി അടുത്തബന്ധമുള്ള സുരേഷ് ഗോപിക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ താരപ്പൊലിമ കൂടുതല്‍ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഇതിനുപിന്നില്‍. അതേസമയം, സുരേഷിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിര്‍ദേശവും കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ട്.

കുമ്മനം കേന്ദ്രത്തിലേക്കു പോയാല്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയും നടക്കും. സുരേഷ് ഗോപി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന നേതൃത്വത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി മോദി മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകൂ. അതിന് മുന്നോടിയായാണ് കൂടിയാലോചനകള്‍. അതിനിടെ ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് വി മുരളീധരനെ ഉയര്‍ത്തുമെന്നും സൂചനയുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവിയാണ് മുരളീധരനു ലഭിക്കുക.

സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുകളിയില്‍ കേന്ദ്രനേതൃത്വം അസംതൃപ്തരാണ്. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായതില്‍ ആര്‍എസ്എസും നീരസം അറിയിച്ചു. സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് മുരളി പക്ഷത്തിന്റെ പരാതി.

അതേസമയം, സംസ്ഥാന അധ്യക്ഷനാകുമോ എന്ന കാര്യത്തില്‍ സുരേഷ് ഗോപി മനസുതുറന്നിട്ടില്ല. ഗ്രൂപ്പുകളിയില്‍ പെട്ടുകിടക്കുന്ന സംസ്ഥാനനേതൃത്വത്തിന്റെ തലപ്പത്തേക്കു വരുന്നതില്‍നിന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിലക്കിയെന്നാണ് സൂചന. കുടുംബവും ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയിലൂടെ ഒരു സീറ്റെന്ന സ്വപ്‌നമാണ് ബിജെപിക്കുള്ളത്.

Related posts