ഇനിയൊരു മടങ്ങി വരവുണ്ടായേക്കില്ല ! സിനിമരംഗം വിടുമെന്ന സൂചനയുമായി സുശാന്തിന്റെ അവസാന നായിക…

സിനിമലോകത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് സുശാന്ത് സിംഗ് രാജ്പുത്ത് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. പുറത്തിറങ്ങാനിരിക്കുന്ന ദില്‍ ബേച്ചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്. ഡല്‍ഹി സ്വദേശിനിയായ മോഡല്‍ സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. സഞ്ജനയുടെ നായികയായുള്ള ആദ്യചിത്രം കൂടിയായിരുന്നു ഇത്.

തന്റെ ആദ്യനായകന്റെ അകാല വിയോഗത്തില്‍ ഏറെ ദുഃഖിതയായി കാണപ്പെട്ട സഞ്ജന താന്‍ സിനിമരംഗം വിട്ടേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിനിമയ്ക്കായി മുംബൈയില്‍ ചേക്കേറിയ താരം ഇപ്പോള്‍ മുംബൈ വിട്ട് ഡല്‍ഹിയിലേക്ക് മടങ്ങി.

യാത്രാമധ്യേ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സഞ്ജന, ഏറെ വൈകാരികമായ ഒരു കുറിപ്പാണ് പങ്കുവച്ചത്. ഇത് വായിച്ച പലരും, സഞ്ജന സിനിമാരംഗം വിടുകയാണോ എന്ന ആശയക്കുഴപ്പത്തിലാണ്.

”മുംബൈക്ക് വിട, ഞാന്‍ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച് പോകുകയാണ്. ഇക്കുറി, മുംബൈയുടെ തെരുവുകളില്‍ അസാധാരണമായ ഒരു ശാന്തതയും ശൂന്യതയും കാണുന്നു. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതാകാകാം. ആല്ലെങ്കില്‍ നീയും വേദനയിലായിലായിരിക്കാം. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം,” സഞ്ജന കുറിച്ചു.

രണ്‍ബീര്‍ കപൂറും നര്‍ഗീസ് ഫഖ്രിയും മുഖ്യവേഷത്തില്‍ എത്തിയ 2011 ല്‍ പുറത്തിറങ്ങിയ റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സംഘി ബോളിവുഡില്‍ അരങ്ങേറിയത്. നിരവധി പരസ്യങ്ങളിലും അവര്‍ പ്രത്യക്ഷപ്പെട്ടു. സുശാന്തിന്റെ മരണം സഞ്ജനയെ ഏറെ വേദനിപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു.

ബാദ്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയവരില്‍ സഞ്ജനയും ഉണ്ടായിരുന്നു. സുശാന്തിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജന നേരത്തേ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

”എല്ലാ മുറിവുകളും സമയം മായ്ച്ചു കളയും എന്ന് ആരു പറഞ്ഞാലും അത്, കള്ളം പറയുകയായിരുന്നു,” എന്ന് കഴിഞ്ഞദിവസം സഞ്ജന കുറിച്ചിരുന്നു.

”നിങ്ങള്‍ എപ്പോഴും ആഗ്രഹിച്ചതുപോലെ ഈ സ്വപ്നങ്ങള്‍ ഓരോന്നും നിറവേറ്റാന്‍ ഞാന്‍ എല്ലാം ചെയ്യുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നമ്മള്‍ എല്ലാം ഒരുമിച്ച് ചെയ്യുമെന്ന് നിങ്ങള്‍ വാഗ്ദാനം ചെയ്തു,” എന്നായിരുന്നു സുശാന്തിന്റെ മരണ ശേഷം സഞ്ജന കുറിച്ചത്.

. ”പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓര്‍മ്മകളുടെയും കഥ,”എന്നാണ് ‘ദില്‍ ബെച്ചാര’എന്ന സിനിമയെക്കുറിച്ച് സഞ്ജന കുറിക്കുന്നത്. ‘ദില്‍ ബെച്ചാര’ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്.

സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ? അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ജൂലൈ 24 മുതല്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റിലീസ് വൈകുകയായിരുന്നു.

Related posts

Leave a Comment