ജെല്ലിക്കെട്ടു മോഡല്‍! തമിഴ്‌നാട് രാഷ്ട്രീയം തെരുവിലേക്ക്; പനീര്‍ശെല്‍വത്തിനു വേണ്ടി യുവാക്കള്‍ മറീന ബീച്ചിലെത്താന്‍ ആഹ്വാനം

സ്വന്തം ലേഖകന്‍
paneer22

ചെന്നൈ: ജെല്ലിക്കെട്ടുമോഡലില്‍ തമിഴ് നാടിന്‍റെയും എഡിഎംകെയുടെയും അവകാശത്തിനായി പോരാടാന്‍ ചെന്നൈ മറീനാ ബീച്ചിലെത്താന്‍ പനീര്‍ശെല്‍വം വിഭാഗത്തിന്‍റെ ആഹ്വാനം. പനീര്‍ശെല്‍വം പക്ഷത്തെ പ്രമുഖനും ജയലളിതയുടെ മുന്‍ സെക്രട്ടറിയുമായ വെങ്കിട്ടരാമനാണ് യുവാക്കളോട് മറീനാ ബീച്ചിലെത്താന്‍ ആഹ്വാനംചെയ്തത്. ഇത്  പ്രകാരം പാര്‍ട്ടിപ്രവര്‍ത്തകരായ യുവാക്കള്‍ ബീച്ചില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ക്കനുകൂലമായി ജനവികാരം ഉണ്ടാക്കാന്‍ ജെല്ലിക്കെട്ടുമോഡലിനേക്കാള്‍ വലിയ മാര്‍ഗ്ഗമില്ല എന്ന തിരിച്ചറിവാണ് നേതാക്കളെ ഈ സമര രീതി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍റാവുവിന്‍റെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പേര്‍ട്ടുചെയ്തു. തമിഴ്‌നാട്ടിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന തരത്തിലുള്ള താണെന്നുമാണ് പത്രക്കുറിപ്പില്‍ ഉള്ളതായി പറയുന്നത്.

തന്‍റെ തീരുമാനത്തിലേക്ക് കടക്കുന്നതിനു മുന്പ് ഗവര്‍ണര്‍ പ്രശ്‌നത്തിന്‍റെ എല്ലാ വശവും കൃത്യമായി പഠിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്‍റെ ഭാഗമായി   ശശികല സമര്‍പ്പിച്ച എംഎല്‍എ മാരുടെ ഒപ്പുകളുടെ കൃത്യത പരിശോധിക്കാനുള്ള നടപടികള്‍ ഇന്നലെ തുടങ്ങിയിരുന്നു. ഇന്ന് പനീര്‍ശെല്‍വത്തിന്‍റെ രാജി പിന്‍വലിക്കാനുള്ള അപേക്ഷ സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം തേടുന്നതായാണ് അറിയുന്നത്. ഇതിന്‍റെ നിയമവശങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനോട് വിശദീകരണം തേടിയതായാണ്അറിയുന്നത്. ഒരിക്കല്‍ സമര്‍പ്പിച്ച രാജി അംഗീകരിച്ചശേഷം അത് പിന്‍വലിക്കാനുള്ള സാധ്യത ഉണ്ടോ എന്നാണ് ഉപദേശം തേടിയിരിക്കുന്നത്.

ശശികല പാര്‍ട്ടിയുടെ താത്കാലിക സെക്രട്ടറിയാണെന്നും അതുകൊണ്ടുതന്നെ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമസാധ്യത ഇല്ലെന്നുമുള്ള പനീര്‍ശെല്‍വത്തിന്‍റെ ആരോപണത്തിലെ സത്യാവസ്ഥ സംബന്ധിച്ചും ഗവര്‍ണര്‍ ഉപദേശം തേടിയതായാണ് അറിയുന്നത്.
ഏതായാലും തിടുക്കപ്പെട്ട് ആരേയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കില്ല എന്നാണ് കരുതുന്നത്. ശശികലയ്‌ക്കെതിരേയുള്ള കോടതിവിധി വരുന്നതുവരേയോ പനീര്‍ശെല്‍വത്തിന് തന്‍റെ ശക്തി നിയസഭയില്‍ തെളിയിക്കാന്‍ അവസരം ലഭിക്കുന്നതുവരേയോ ഗവര്‍ണര്‍ കാത്തിരിക്കാനാണ് സാധ്യത. തനിക്ക് ഭൂരിപക്ഷം തെളിയക്കാന്‍ അഞ്ചുദിവസം നല്‍കണമെന്നാണ് പനീര്‍ശെല്‍വം ഗവര്‍ണറോട് അപേക്ഷിച്ചിട്ടുള്ളത്.

ഇതിനിടെ ഇന്നലെ തമിഴ്‌നാട്ടിലെ  അണ്ണാഡിഎംകെ എംഎല്‍എമാരെ ഒന്നടങ്കം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണത്തില്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു.    രണ്ട് എംഎല്‍എമാര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട വ്യത്യസ്ത ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകനായ കെ. ബാലു ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തടങ്കലില്‍ കഴിയുന്ന എംഎല്‍എമാരില്‍ 20 പേര്‍ സത്യഗ്രഹത്തിലാണെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ആരോപണം സത്യമാണെങ്കില്‍ കടുത്ത ആശങ്കയുളവാക്കുന്നതാണെന്നു നിരീക്ഷിച്ച ജസ്റ്റീസ് സി.ടി. ശെല്‍വവും ജസ്റ്റീസ് ടി. മതിവണ്ണനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അഭിഭാഷകന്‍റെ വെറുമൊരു പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇടപെടാനാവില്ലെന്നും പറഞ്ഞു. പ്രശ്‌നത്തിന്‍റെ സ്വഭാവം പരിഗണിച്ച് സര്‍ക്കാര്‍ മറുപടി നല്‍കുന്നതായിരിക്കും ഉചിതമെന്നു പറഞ്ഞ കോടതി കേസ് 13ലേക്കു മാറ്റുകയും ചെയ്തു. അനധികൃത തടങ്കലില്‍ പ്രതിഷേധിച്ച് എംഎല്‍എമാര്‍ നിരാഹാരസമരത്തിലാണെന്നും ഇതിനിടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

കുന്നാം എംഎല്‍എ ടി. രാമചന്ദ്രന്‍, കൃഷ്ണരായപുരം എംഎല്‍എ എം.ഗീത എന്നിവരെ ഹാജരാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നിര്‍ദേശം. ഏതാനും ദിവസം മുന്പ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ രാമചന്ദ്രനെ കാണാതായെന്നു കാണിച്ച് മണ്ഡലത്തിലെ വോട്ടറായ എം.ആര്‍.ഇളവരശന്‍ ആണ് കോടതിയെ സമീപിച്ചത്.
എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാനും കഴിയുന്നില്ലെന്നു ഹേബിയസ്‌കോര്‍പസ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Related posts