ചാടാന്‍ ലോകേശ്വരി മടിച്ചപ്പോള്‍ തള്ളിയിട്ട അറുമുഖം വ്യാജപരിശീലകനെന്ന് ദുരന്ത നിവാരണ അഥോറിറ്റി! പരിശീലനത്തിനിടെ സണ്‍ഷെയ്ഡില്‍ തലയിടിച്ച് മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം

ദുരന്ത നിവാരണ പരിശീലനത്തിനിടെ കോളജ് കെട്ടിടത്തില്‍ നിന്ന് യുവതിയെ താഴേക്ക് തള്ളിയിട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയ പരിശീലകന് മതിയായ യോഗ്യതയില്ലായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. പരിശീലകന്‍ താഴേക്കു തള്ളിയ വിദ്യാര്‍ത്ഥിനി സണ്‍ഷെയ്ഡില്‍ തലയിടിച്ചു മരിക്കുകയായിരുന്നു. നരസിപുരം കലൈമകള്‍ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി എന്‍.ലോകേശ്വരി (19) യാണ് വെള്ളിയാഴ്ച മരിച്ചത്. പരിശീലകന്‍ ആര്‍.അറുമുഖത്തെ അറസ്റ്റ് ചെയ്തു. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ അംഗീകാരമുള്ള പരിശീലകനാണ് താനെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇത് അഥോറിറ്റി അധികൃതര്‍ നിഷേധിച്ചു.

ജില്ലാ ഭരണകൂടത്തിനും അഗ്നിശമനസേനയ്ക്കും വിവരം നല്‍കിയില്ല. സുരക്ഷാചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു പരിശീലനം. തീപിടിത്തമുള്‍പ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി രക്ഷപ്പെടാന്‍ കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) യൂണിറ്റാണു വ്യാഴാഴ്ച വൈകിട്ടു പരിശീലനമൊരുക്കിയത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സണ്‍ഷെയ്ഡില്‍ നിന്നു താഴെ വിടര്‍ത്തിപ്പിടിച്ച വലയിലേക്കു ചാടി. എന്നാല്‍ മടിച്ചു സണ്‍ഷെയ്ഡില്‍ ഇരുന്ന ലോകേശ്വരിയെ പല വട്ടം നിര്‍ബന്ധിച്ച അറുമുഖം, ഒടുവില്‍ തോളില്‍ പിടിച്ചുതള്ളിയതായി പോലീസ് പറഞ്ഞു.

ഒന്നാം നിലയിലെ സണ്‍ഷെയ്ഡില്‍ തലയിടിച്ചുവീണ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.തന്റെ മകള്‍ ചാടാന്‍ വിസമ്മതിച്ചപ്പോള്‍ അവളെ നിര്‍ബന്ധിക്കാന്‍ പാടില്ലായിരുന്നുവെന്ന് പിതാവ് നല്ലഗൗണ്ടര്‍ പറഞ്ഞു. പരിശീലകന്‍ അവളെ തള്ളിതാഴെയിടുകയായിരുന്നു. കോളേജ് മാനേജ്മെന്റ് പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തമേറ്റുവാങ്ങിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പ്രഖ്യാപിച്ചു. മതിയായ അംഗീകാരമില്ലാതെ പരിശീലനം സംഘടിപ്പിച്ചവര്‍ക്കെതിരെ കര്‍ശനടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related posts