കരിയറിന്റെ തുടക്കകാലത്ത് വയര്‍ കുറയ്ക്കാൻ വേണ്ടി സ്വയം ഉപദ്രവിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി താപ്സി പന്നു. ഒരു കാലത്ത് ഐഡിയല്‍ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് നേടാൻ അമിത പരിശ്രമം നടത്തിയിരുന്നുവെന്നും താപ്സി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താപ്സിയുടെ പ്രതികരണം.
ഞാന്‍ ഓര്‍ക്കുന്നു, വളര്‍ന്നു വരുമ്പോള്‍ എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷേ, എന്തു ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പു മാത്രം കുറയുന്നില്ലായിരുന്നു. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിനു സാധിക്കുന്നതിലും അധികം. നമ്മള് അധികമായി ചെയ്യുമ്പോള്‍ അത് തലച്ചോറിന് ഒരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിന് സംരക്ഷണം വേണമെന്ന്.
വെളളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിനു പകരം ശരീരം അത് നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് കൊഴുപ്പ് മാത്രമല്ല, വെള്ളം കൂടിയാണ്. അത് അവിടെ നില്ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അത് കൂടുകയാണു ചെയ്യുന്നത്. ആരും അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ഒരാള്‍ക്ക് മറ്റൊരു പെണ്കുട്ടിയെപ്പോലെയാകാന് സാധിക്കില്ല. അത് അംഗീകരിക്കണം. ഞാന്‍ വളരെ വൈകിയാണ് അംഗീകരിച്ചത്. എന്നെ തന്നെ ടോര്‍ച്ചര്‍ ചെയ്തു. പിന്നെ തിരിച്ചറിഞ്ഞു. ചില ദിവസം നടക്കും, ചില ദിവസം നടക്കില്ല. എന്റെ ന്യൂട്രിഷ്യനിസ്റ്റ് മുന്മുന് ഗനേരിവാല്‍ ആണ് എനിക്കത് വിശദമാക്കിത്തന്നത്. വയറിന് താഴെയുളള ചെറിയ ബെല്ലി ഫാറ്റും വാട്ടര്‍ റിറ്റന്‍ഷനും പ്രധാനമാണ്.
അവിടെയാണ് നമ്മുടെ പ്രത്യുല്പാദന അവയവങ്ങള്‍ ഉളളത്. അവയെ സംരക്ഷിക്കണം. സ്ത്രീയായിരിക്കെ നമുക്ക് സംരക്ഷണം ആവശ്യമുണ്ട്. അത് നിങ്ങള്‍ക്ക് ആരോഗ്യകരമാണെങ്കില്‍ ആയിക്കോളൂ. ഇന്‍സ്റ്റഗ്രാമിലേക്കായി പെര്‍ഫെക്ട് ചിത്രങ്ങള്‍ക്കു വേണ്ടി മാത്രം നിങ്ങളെ ടോര്‍ച്ചര്‍ ചെയ്യരുത്. കുറച്ച് കൊഴുപ്പുണ്ടാകുന്നത് ആരോഗ്യകരമാണ് എന്ന് താപ്സി കുറിച്ചു.
