ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെ പിന്തള്ളി വിദേശ ബ്രാന്‍ഡുകള്‍ കുതിക്കുന്നു

Smartphone_new

മുംബൈ: സ്വദേശി പ്രചാരണം നാട്ടില്‍കൊണ്ടുപിടിച്ചു നടക്കുന്‌പോഴും ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കു പ്രിയം വിദേശ ബ്രാന്‍ഡുകളോട്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇന്ത്യന്‍ കന്പനികളെ വിദേശ ബ്രാന്‍ഡുകള്‍ ബഹുദൂരം പിന്തള്ളി. മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ ഇന്‍റര്‍നാഷണല്‍ ഡേറ്റ കോര്‍പറേഷന്‍ (ഐഡിസി) പുറത്തുവിട്ട കണക്കില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്ന കന്പനികളുടെ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഇന്ത്യന്‍ കന്പനികളില്ല.

ഷവോമി, ലെനോവോ, ഓപ്പോ, വിവോ എന്നീ ചൈനീസ് കന്പനികളുടെ കുതിപ്പാണ് ഇന്ത്യന്‍ ബ്രാന്‍ഡുകളെ പിന്നോട്ടടിച്ചത്. ബാറ്ററി പൊട്ടിത്തെറിക്കലും ഫോണ്‍ നിരോധനവുമൊക്കെ നേരിട്ടെങ്കിലും സാംസംഗ് തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ രാജാവ്. ആകെ വില്‍പനയുടെ 25.1 ശതമാനം സാംസംഗ് സ്വന്തമാക്കി. ഇതിനു പിന്നില്‍ നാലു സ്ഥാനങ്ങള്‍ ചൈനീസ് കന്പനികള്‍ പിടിച്ചടക്കി. സാംസംഗിനു പിന്നില്‍ ഷവോമിയാണ്. വിപണി വിഹിതം 10.7 ശതമാനം. അവസാന പാദത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് ഷവോമി രേഖപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് ലെനോവോയാണ്. 9.9 ശതമാനം വിപണി വിഹിതം. നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം ഓപ്പോ, വിവോ എന്നിവയാണ്.

ഇന്ത്യന്‍ വിപണിയിലെ ചൈനീസ് കന്പനികളുടെ കുതിപ്പ് സ്വദേശി സ്മാര്‍ട്ട് ഫോണ്‍ കന്പനികളെ ഞെട്ടിച്ചിരിക്കുകയാണ്. ജെ സീരിസ്, അതില്‍ത്തന്നെ ജെടു ആണ് സാംസംഗിന്‍റെ കുതിപ്പിന് ഇന്ധനം പകര്‍ന്നത്. റെഡ്മി ത്രീ എസ് പ്ലസ് ഷവോമിക്കു നേട്ടമുണ്ടാക്കിക്കൊടുത്തു. ലെനോവോയുടെ കെ5 സീരിസ് ഫോണുകളും മോട്ടോ ഇ ത്രീ പവറും വലിയ സ്വീകാര്യത നേടി.
ഓപ്പോ 29.9 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയത്. ശക്തമായ റീട്ടെയ്ല്‍ ശൃംഖല രൂപപ്പെടുത്തുന്നതിലും ഓപ്പോ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. വിവോ 50.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

ഇന്ത്യയിലെ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ എന്ന സ്ഥാനം ഉണ്ടായിരുന്ന ഇന്ത്യന്‍ കന്പനി മൈക്രോമാക്‌സിനു 20 ശതമാനം വില്പന ഇടിവാണ് നേരിട്ടത്്. വില്പനാനന്തര സേവനങ്ങളില്‍ വരുന്ന പോരായ്മകളാണു മൈക്രോമാക്‌സിനും മറ്റും വിനയായതെന്നു പറയുന്നവരുണ്ട്. ഇന്‍റക്ട്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കന്പനികളുടെയും വില്പന ഇടിവ് രണ്ടക്കം കണ്ടു. 10.91 കോടി മൊബൈല്‍ ഫോണുകളാണ് 2016ല്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞതെന്ന് ഐഡിസിയുടെ കണക്കില്‍ പറയുന്നു. 5.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ രംഗത്തു പ്രകടമാകുന്നത്.

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടുനിരോധനം മൊബൈല്‍ഫോണ്‍ വിപണിക്കും തിരിച്ചടിയായി. മികച്ച വില്പന നടക്കേണ്ട നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വില്പനയില്‍ കാര്യമായ ഇടിവുണ്ടായി. വര്‍ഷാന്ത്യ പാദത്തില്‍ 20.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയും മറ്റും പ്രചാരം നേടിയതോടെ സ്മാര്‍ട്ട് ഫോണുകളുടെ വില്പനയാണ് വര്‍ധിക്കുന്നത്. ഫീച്ചര്‍ ഫോണുകളുടെ വില്പന താഴേയ്ക്കാണ്.

സ്മാര്‍ട്ട് ഫോണുകളുടെ വില്പനയില്‍ 31.2 ശതമാനവും ഓണ്‍ലൈന്‍ വഴിയുള്ളതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വില്പനയുടെ അന്‍പതു ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് ഷവോമിയും ലെനോവോയും ചേര്‍ന്നാണ്.

Related posts