വിദ്യാഭ്യാസം പത്താംക്ലാസ്; എന്നാല്‍ എല്ലാ മരുന്നുകളെക്കുറിച്ചും വിശദമായി അറിയാം; ഡല്‍ഹി എയിംസില്‍ പത്തൊമ്പതുകാരന്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ച് മാസം…

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) 19 വയസുകാരന്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ചു മാസം. അദ്നാന്‍ ഖുറം എന്ന യുവാവാണ് അപ്രതീക്ഷിതമായി പോലീസിന്റെ വലയിലായത്.

എന്നാല്‍ പത്താം ക്ലാസ് വരെ പഠിച്ച അദ്നാനു മരുന്നുകളെ കുറിച്ചുള്ള വിപുലമായ അറിവ് പോലീസിനെവരെ ഞെട്ടിച്ചിരിക്കുകയാണ്.അദ്നാന്‍ വ്യാജ പേരില്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റിലും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തു.

ഡോക്ടര്‍മാക്ക് വേണ്ടിയുള്ള പരിപാടികളിലും അവരുടെ സമരത്തിലും അദ്നാന്‍ സജീവ സാനിധ്യമായിരുന്നു. എയിംസിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ പേരുകളും മനപ്പാഠമാണ്. അദ്നാന്‍ വ്യാജ ഡോക്ടറായതിന്റെ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല.

കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകാന്‍ മാത്രമാണു നാടകം കളിച്ചതെന്നും യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്റ്റെതസ്സ്‌കോപ് അണിഞ്ഞുള്ള ചിത്രം അദ്നാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

ബിഹാര്‍ സ്വദേശിയാണ് യുവാവ്. എയിംസില്‍ 2000 ത്തിലധികം ഡോക്ടര്‍മാരുണ്ട്. അതുകൊണ്ടു പരസ്പരം തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. ഈ സാഹചര്യമാണ് അദ്നാന്‍ മുതലെടുത്തത്. എന്തായാലും അദ്‌നാന്‍ ഒരു സംഭവമാണെന്നാണ് പോലീസുകാര്‍ പറയുന്നത്.

 

Related posts