ജോലി തേടിയുള്ള അലച്ചിലില്‍ തുടക്കം, പിന്നെ ചാനല്‍ സ്റ്റുഡിയോയിലെ ഗര്‍ജിക്കുന്ന സിഹം, ആറു മാസത്തേക്കു സ്റ്റുഡിയോയില്‍ കയറിയതേയില്ല; നൂറു ദിവസത്തിനുള്ളില്‍ അര്‍ണാബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ തുടങ്ങിയതിങ്ങനെ

arnab 2അജിത്ത് ജി. നായര്‍

സേനാപത് ബാപ്പട്ട് മാര്‍ഗ്, മുംബൈയിലെ മീഡിയകളുടെ ചന്ത എന്നു വിളിക്കാം ഈ പ്രദേശത്തെ. ഇവിടെ സൂര്യന്‍ ഉദിക്കുന്നതു തന്നെ ചാനലുകളുടെ ബ്രേക്കിംഗ് ന്യൂസ് കണ്ടുകൊണ്ടാണ്. പുതുതായി തുടങ്ങുന്ന ഓരോ ചാനലുകളും പിച്ചവയ്ക്കുന്നത് ഈ തെരുവില്‍ നിന്നാണ്. പലരും ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചിട്ടും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു വന്ന ചരിത്രമാണ് അര്‍ണാബ് ഗോസ്വാമിയ്ക്കുള്ളത്. ന്യൂസ് അവര്‍ എന്ന വാര്‍ത്താ അനുബന്ധ പരിപാടി ഇന്ത്യന്‍ ചാനലുകളിലെ അഭിഭാജ്യ ഘടകമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചയാളാണ് അര്‍ണാബ്.

ആറു മാസം മുമ്പാണ് തന്റെ ടൈംസ് നൗവിലെ ഗ്ലാമര്‍ ജോലി അര്‍ണാബ് ഉപേക്ഷിക്കുന്നത്. അവിടെ നിന്നും പുറത്തുവന്ന അര്‍ണാബ് വെറുതെയിരിക്കുകയായിരുന്നില്ല, തന്റെ സ്വന്തം ചാനല്‍ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം ചുവടു വയ്ക്കുകയായിരുന്നു. സമൂഹത്തിലെ അനീതിയ്‌ക്കെതിരായ പോരാട്ടം എന്ന മുഖമുദ്രയോടെയാണ് അര്‍ണാബ് സ്വന്തം ചാനല്‍ എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. പുതിയ ചാനലിലും ആളുകള്‍ കണ്ടത് ആ പഴയ അര്‍ണാബിനെത്തന്നെയായിരുന്നു.

വന്നു, കണ്ടു, കീഴടക്കി അര്‍ണാബിന്റെ ശൈലിയെ ഇങ്ങനെ വിശേഷിപ്പിക്കാം. ആര്‍മി ഓഫീസറുടെ മകനായി ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശിലായിരുന്നു ജനനം. ഇന്ത്യയിലാകമാനം ഏഴു സ്കൂളുകളിലായാണ് അര്‍ണാബ് സ്കൂള്‍ ജീവിതം. ഒടുവില്‍ കറങ്ങിത്തിരിഞ്ഞെത്തിയത് മധ്യപ്രദേശിലെ ജബല്‍പൂരിലെ കേന്ദ്രീയ വിദ്യാലയത്തിലും. ഡല്‍ഹിയിലെ ഹിന്ദു കോളജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം നേടിയ അര്‍ണാബ് ഓക്‌സ്ഫഡില്‍ നിന്ന് സോഷ്യല്‍ ആന്ത്രോപോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

ഇതിനു ശേഷം ഡല്‍ഹിയില്‍ തിരികെയെത്തി പതിവു പയ്യന്മാരെപ്പോലെ ജോലി അന്വേഷിച്ചു നടപ്പായി. ആ അന്വേഷണം അര്‍ണാബിനെ കല്‍ക്കട്ടയിലെത്തിക്കുകായിരുന്നു. ടെലഗ്രാഫ് പത്രത്തില്‍ പേജ് എഡിറ്റു ചെയ്യുകയായിരുന്നു ജോലി. അവിടെ ഒമ്പതു മാസം തുടര്‍ന്നു. എഡിറ്റോറിയല്‍ റൂമിലിരിക്കുമ്പോഴും തന്റെ മനസ് വാര്‍ത്തകള്‍ക്കു പിന്നാലെ പായുകയായിരുന്നെന്ന് അര്‍ണാബ് പറയുന്നു. എന്‍ഡിടിവി പച്ചപിടിച്ചു വരുന്ന കാലമായിരുന്നു അത്. ദൂരദര്‍ശനില്‍ ന്യൂസ് അവതരിപ്പിക്കുന്നതിനുള്ള കരാര്‍ അവര്‍ക്കു കിട്ടി. ആ സമയം അവര്‍ റിപ്പോര്‍ട്ടര്‍മാരെ അന്വേഷിക്കുന്നുണ്ടായിരുന്നു. ”എനിക്ക് ആ സമയം ടിവി ടുഡേയില്‍ ജോലി ലഭിച്ചെങ്കിലും എന്‍ഡിടിവിയുടെ ന്യൂസ് എഡിറ്റര്‍ അപ്പന്‍ മേനോനോടുള്ള ഇഷ്ടം കൊണ്ട് എന്‍ഡിടിവി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ഒമ്പതര വര്‍ഷം ഒരു ദീര്‍ഘനിശ്വാസം പോലെ കടന്നുപോയി. അവതാരകന്‍, റിപ്പോര്‍ട്ടര്‍, എഡിറ്റര്‍, അണിയറ പ്രവര്‍ത്തകന്‍ എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല. പക്ഷെ എനിക്ക് പൊളിറ്റിക്‌സില്‍ മാത്രമായിരുന്നു താത്പര്യം. എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ടതായിരുന്നു.” അര്‍ണാബ് പറയുന്നു.
arnsab 3
രാഷ്ട്രീയ പ്രമുഖരെ നിര്‍ത്തിപ്പൊരിക്കുന്നതിലൂടെയാണ് അര്‍ണാബ് പ്രശസ്തി നേടിയത്. പലരും അഭിമുഖങ്ങള്‍ക്കിടെ ഇറങ്ങിപ്പോയിട്ടുമുണ്ട്. കഴിഞ്ഞ നവംബറിലാണ് പുതിയ ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് അര്‍ണാബ് ആലോലിച്ചത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ഭാര്യയോടും മകനോടും അഭിപ്രായം ആരാഞ്ഞു. അതിലുപരി തന്നോടു തന്നെയായിരുന്നു അര്‍ണാബിന്റെ ചോദ്യം. ഒടുവില്‍ തന്റെ മനസാക്ഷിയ്‌ക്കൊത്തു പ്രവര്‍ത്തിക്കാന്‍ തന്നെ അര്‍ണാബ് തീരുമാനിച്ചു. പ്രധാനമന്ത്രി കറന്‍സി പിന്‍വലിച്ച അന്നാണ് താന്‍ പുതിയ ചാനലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് അദേഹം പറയുന്നു. കറന്‍സി പിന്‍വലിച്ച വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഞാന്‍ ആ സമയത്ത് എന്റെ സ്റ്റുഡിയോയില്‍ പോകുകയോ ഷോ നടത്തുകയോ ചെയ്തില്ല. അര്‍ണാബ് പറയുന്നു.

മറ്റു മീഡിയകളെ ഗോലിയാത്തുമായി ഉപമിച്ച അര്‍ണാബ് തന്റെ ചാനലിനെ ദാവീദിന്റെ ബാന്‍ഡ് എന്ന മ്യൂസിക്കല്‍ ട്രൂപ്പുമായാണ് ഉപമിച്ചത്. ഡല്‍ഹിയിലെ ചില എഡിറ്റര്‍മാരുടെ ജീവിതം കണ്ടാല്‍ കരഞ്ഞു പോകുമെന്ന് അര്‍ണാബ് പറയുന്നു.മറ്റു ചിലരുടെ ജീവിതം കണ്ടാല്‍ എവിടെനിന്ന് ഇയാള്‍ക്ക് ഇത്രയധികം കാശ് കിട്ടിയെന്നു തോന്നിപ്പോകും. പല ചാനലുകളും സ്വതന്ത്രമായി തുടങ്ങിയ ശേഷം രാഷ്ട്രിയപ്പാര്‍ട്ടികളുടെ പിണിയാളുകളാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് പത്രപ്രവര്‍ത്തനത്തിന്റെ ആദര്‍ശത്തിനു തന്നെ വിപരീതമാണ്.

രാജീവ് ചന്ദ്രശേഖര്‍ എംപി ഉള്‍പ്പെടെയുള്ളവരാണ് അര്‍ണാബിന് ചാനലിനു പിന്നിലെ സാമ്പത്തിക സ്രോതസ്സ്. തന്റെ ചാനലില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടാന്‍ ഒരു കാരണവുമില്ലെന്ന് അര്‍ണാബ് പറയുന്നു. തനിക്ക് ആരോടും യുദ്ധം ചെയ്യാന്‍ താത്പര്യമില്ലെന്നും ജേര്‍ണലിസത്തിന്റെ ആരും കടന്നുപോവാത്ത ഇരുണ്ട ഇടനാഴിയിലൂടെ കടന്നു പോവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അര്‍ണാബ് പറയുന്നു.

റോമ നഗരം ഒരു ദിവസം കൊണ്ട് പണിതീര്‍ത്തതല്ലെന്നു പറയുന്നതു പോലെയാണ് റിപ്പബ്ലിക് ടിവിയും. മറ്റ് ഇംഗ്ലീഷ് ചാനലുമായി താരതമ്യപ്പെടുത്തിയാണ് ചാനല്‍ പരിപാടികള്‍ പ്ലാന്‍ ചെയ്തത്. മറ്റ് അനേകം കടമ്പകള്‍ കടന്നതിനു ശേഷമാണ് ചാനല്‍ യാഥാര്‍ഥ്യമായതെന്നും അര്‍ണാബ് പറയുന്നു. രാഷ്ട്രീയം, ധനകാര്യം തുടങ്ങി ഏതെങ്കിലും ഒരു വിഷയത്തില്‍ വിദഗ്ധരായവരെയല്ല താന്‍ ചാനലിലേക്ക് തെരഞ്ഞെടുത്തതെന്നും അര്‍ണാബ് വ്യക്തമാക്കുന്നു. അടുത്ത അഞ്ച്-പത്ത് വര്‍ഷത്തേക്ക് കാര്യമായെന്തെങ്കിലും ചെയ്യാനാവുന്ന യുവരക്തങ്ങളെയാണ് തനിക്കാവശ്യമെന്നും അര്‍ണാബ് പറയുന്നു. ലാഭം തന്റെ ലക്ഷ്യമല്ലെന്നു പറയുന്ന അര്‍ണാബ് സ്വതന്ത്രമായ പത്രപ്രവര്‍ത്തനമാണ് താന്‍ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു.

വെറും മൂന്നു മാസത്തെ സമയത്തിനുള്ളില്‍ ചാനല്‍ കെട്ടിപ്പടുത്ത അര്‍ണാബ് തന്റെ രണ്ടാമത്തെ ബ്രേക്കിംഗ് ന്യൂസിലൂടെ ഇന്ത്യയെ നടുക്കുകയും ചെയ്തു. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട ഓഡിയോ ടേപ്പുകള്‍ പുറത്തു വി്ട്ടാണ് അര്‍ണാബ് പണി തുടങ്ങിയത്. പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചടി കിട്ടുകയും ചെയ്തു. തങ്ങളുടെ ടേപ്പുകള്‍ മോഷ്ടിച്ചതാണെന്നു പറഞ്ഞ് അര്‍ണാബിന്റെ മുന്‍ ചാനല്‍ ടൈംസ് നൗ കേസു കൊടുത്തതായിരുന്നു കാരണം. അര്‍ണാബുമായി തെറ്റിപ്പിരിഞ്ഞ് ചിലര്‍ ചാനല്‍ വിട്ടു പോവുകയും ചെയ്തു. പക്ഷെ എങ്ങനെ വീണാലും നാലുകാലില്‍ നില്‍ക്കാന്‍ കഴിവുള്ള അര്‍ണാബിനെ തളര്‍ത്താന്‍ അതൊന്നും മതിയാവില്ലായിരുന്നു. തീപ്പൊരി ചിതറുന്ന ചാനല്‍ ചര്‍ച്ചകളുമായി അര്‍ണാബ് സധൈര്യം മുമ്പോട്ടു പോവുകയാണ്…

രാഷ്ട്രദീപിക വെബ്‌ഡെസ്ക് തയാറാക്കുന്ന വാര്‍ത്തകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related posts