വരുന്നു അണ്‍ലോക്ക് 3.0 ! ജിമ്മുകളും തീയറ്ററുകളും തുറന്നേക്കും; സ്‌കൂളുകള്‍ അടുത്ത കാലത്തെങ്ങും തുറന്നേക്കില്ല…

രാജ്യത്ത് ഓഗസ്‌റ്റോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂലൈ 31നാണ് അണ്‍ലോക്ക് 2.0 അവസാനിക്കുന്നത്. ഇന്ത്യ ടുഡേയാണ് അണ്‍ലോക്ക് 3.0യില്‍ പ്രഖ്യാപിച്ചേക്കാവുന്ന ഇളവുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഓഗസ്റ്റ് ഒന്നു മുതല്‍ സിനിമാ ഹാളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള ഇളവുകളും ഇതില്‍ ഉള്‍പ്പെടാം, എന്നാല്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി)കള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.

അണ്‍ലോക്ക് 3.0 ല്‍ ചില നിയന്ത്രണങ്ങള്‍ തുടരും. സ്‌കൂള്‍, മെട്രോ സര്‍വീസുകള്‍ രാജ്യമെമ്പാടും അടച്ചിരിക്കാനാണ് സാധ്യത. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കാര്‍വാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആര്‍ഡി) സംസ്ഥാനങ്ങളുമായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ഇക്കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്ന് പ്രതികരണം തേടുമെന്ന് എച്ച്ആര്‍ഡി മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന്, സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇളവുകളുടെ മൂന്നാംഘട്ടത്തില്‍ ജിമ്മുകള്‍ വീണ്ടും തുറക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സിനിമാ പ്രദര്‍ശന ശാലകള്‍ വീണ്ടും തുറക്കാനുള്ള നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് മുമ്പില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വച്ചിട്ടുണ്ട്.

50 ശതമാനം ഇരിപ്പിടം അനുവദിച്ചു കൊണ്ട് തിയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ സിനിമാ തീയേറ്റര്‍ ഉടമകള്‍ ഒരുക്കമാണ്.

എന്നിരുന്നാലും, തുടക്കത്തില്‍ 25 ശതമാനം ഇരിപ്പിടം അനുവദിച്ചു കൊണ്ട് തിയേറ്ററുകള്‍ വീണ്ടും തുറക്കാനും സാമൂഹ്യ അകലം പാലിക്കുന്ന എല്ലാ പ്രോട്ടോക്കോളുകളും പാലിക്കാനുമാണ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.

കൂടാതെ, കോവിഡ് -19 കേസുകളുടെ എണ്ണവും സാഹചര്യവും അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സ്വന്തം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സജ്ജീകരിക്കുന്നതിന് കൂടുതല്‍ അധികാരം നല്‍കിയേക്കാം.

എന്നിരുന്നാലും എത്രമാത്രം ജനങ്ങള്‍ തീയറ്ററുകളില്‍ എത്തും എന്നതിനെ ആശ്രയിച്ചിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.

നിരവധി വന്‍ റിലീസുകളാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുന്നത്. തീയറ്ററിന്റെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കോവിഡ് പകര്‍ന്നേക്കുമോയെന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നു.

Related posts

Leave a Comment