സിനിമയും സിനിമയിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്! സംഗീതസംവിധായകന്‍ കൈലാസ് മേനോന് പ്രതിഫലം കൂടാതെ അഞ്ച് ലക്ഷം രൂപ സമ്മാനമായി നല്‍കി തീവണ്ടിയുടെ നിര്‍മാതാവ്

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ ഉണ്ടായ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് ഓഗസ്റ്റ് സിനിമാസ് ആണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന് ഇതിലെ മനോഹരമായ ഗാനങ്ങള്‍ ആയിരുന്നു.

അതില്‍ തന്നെ ജീവാംശമായ് എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. കൈലാസ് മേനോന്‍ എന്ന സംഗീത സംവിധായകന്‍ ആ ഒറ്റ ഗാനം കൊണ്ട് തന്നെ കേരളത്തില്‍ സ്റ്റാര്‍ ആയി മാറി. ഇപ്പോഴിതാ ആ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷാജി നടേശന്‍ അഞ്ചു ലക്ഷം രൂപ കൂടി കൈലാസിന് പാരിതോഷികം ആയി നല്‍കിയിരിക്കുകയാണ്.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കൈലാസ് തന്നെയാണ് ഈ വിവരം ഏവരെയും അറിയിച്ചത്. കൈലാസ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ‘സിനിമ വിജയിക്കുമ്പോള്‍ നിര്‍മാതാവ് സംവിധായകന് സമ്മാനം കൊടുക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ജന്റില്‍മാന്‍ സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ കെ.ടി കുഞ്ഞുമോന്‍ ശങ്കറിന് കാര്‍ സമ്മാനമായി നല്‍കി എന്നതാവും ആദ്യമായി കേട്ട അത്തരം വാര്‍ത്ത. പക്ഷെ ഇതാദ്യമായിട്ടാവും ഒരു നിര്‍മാതാവ് സിനിമയുടെ വിജയത്തിന്റെ മധുരം സംഗീത സംവിധായകന് കൂടെ പകുത്ത് നല്‍കുന്നത്.

അതെ..തീവണ്ടി എന്ന സിനിമ നിര്‍മിച്ച ഓഗസ്റ്റ് സിനിമയുടെ അമരക്കാരന്‍ ഷാജിയേട്ടന്‍ ഇന്ന് എന്നെ നേരില്‍ വിളിച്ചു നല്‍കിയത് 5 ലക്ഷം രൂപ. ഈ കിട്ടിയ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. തീവണ്ടിയുടെ നിര്‍മാതാവ് ഷാജിയേട്ടനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് സംവിധായകന്‍ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനിവിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’.

Related posts