മൂന്നാം ലോകമഹായുദ്ധം ഉടനുണ്ടാവും! കാരണമാവുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി; സ്‌പേസ്എക്‌സ് മേധാവി എലോണ്‍ മസ്‌ക് വെളിപ്പെടുത്തുന്നു

മൂന്നാമതൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് വെള്ളത്തിനുവേണ്ടിയായിരിക്കുമെന്നത് വളരെ നാളുകള്‍ക്ക് മുമ്പ് മുതലേ പറയപ്പെടുന്ന ഒരു കാര്യമാണ്. എന്നാല്‍ അങ്ങനെയൊരവസ്ഥ ലോകത്തിനുണ്ടാവുന്നതിന് മുമ്പ് തന്നെ മൂന്നാം ലോകമഹായുദ്ധം സംഭവിക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പുകളാണ് ഇപ്പോള്‍ വിദഗ്ധരടക്കമുള്ളവര്‍ നല്‍കുന്നത്. സ്‌പേസ്എക്‌സ്, ടെസ്‌ല മേധാവി എലോണ്‍ മസ്‌കാണ് ലോകം ഒന്നടങ്കം തകര്‍ക്കുന്ന മൂന്നാം ലോകമഹായുദ്ധം പ്രവചിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബോ ബാലിസ്റ്റിക് മിസൈലുകളോ ഉദ്ദേശിച്ചല്ല എലോണ്‍ മസ്‌ക് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന് നേതൃത്വം നല്‍കുക എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ശാസ്ത്രസാങ്കേതിക ലോകത്തെ നിലവിലെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്നാല്‍ വൈകാതെ തന്നെ അത് ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. ലോകത്തിന് ഭീഷണിയായവരുടെ പട്ടികയില്‍ ഉത്തരകൊറിയ ഏറെ താഴെയാണ്. കൃത്രിമ ബുദ്ധിയാണ് ഇക്കാര്യത്തില്‍ മുന്നിലെന്നും മസ്‌കിന്റെ ട്വീറ്റുകളില്‍ പറയുന്നുണ്ട്. രാജ്യാന്തര തലത്തില്‍ എഐ മേധാവിത്വം വന്‍ ഭീഷണിയാകും.

ഇത് മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമാകുമെന്നും ഇന്റര്‍നെറ്റ് ഷോര്‍ട്ട് കട്ട് ഉപയോഗിച്ചുള്ള മസ്‌കിന്റെ ട്വീറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്രിമ ബുദ്ധി റഷ്യയുടെ മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ കൂടി ഭാവിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് മസ്‌കിന്റെ മുന്നറിയിപ്പ് ട്വീറ്റുകള്‍. കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയില്‍ വിജയിക്കുന്നവരായിരിക്കും നാളെ ഈ ലോകം ഭരിക്കുകയെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ യുഎസ്, ചൈന, ഇന്ത്യ രാജ്യങ്ങളാണ് കൃത്രിമബുദ്ധി യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നവര്‍. എഐ ഉപയോഗപ്പെടുത്തിയുള്ള യുദ്ധം തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഒരുപക്ഷേ ഈ ലോകത്തിന്റെ അവസാനം കൂടിയാകും അത്.

Related posts