മലയാളികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ ‘തിരുട്ടുഗ്രാമം’ കേരളത്തില്‍ ! സൂക്ഷിക്കേണ്ടത് പുരുഷ മോഷ്ടാക്കളേക്കാള്‍ വിദഗ്ധരായ സ്ത്രീകളെ; തിരുട്ടുഗ്രാമക്കാര്‍ക്ക് കേരളം ഇഷ്ടപ്പെട്ട ഇടമാകുന്നത് ഇങ്ങനെ…

കേരളം ഓണത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മലയാളികളേക്കാള്‍ മുമ്പേതന്നെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. മറ്റാരുമല്ല തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. ഇത്തവണ കേരളത്തിലെത്തി വിപുലമായ മോഷണങ്ങളിലൂടെ ഓണം ഗംഭീരമാക്കാമെന്ന പ്രതീക്ഷയില്‍ ഇതിനോടകം പലരും കേരളത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓണമാഘോഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികള്‍ പുറത്തു പോകുമ്പോഴും മടങ്ങി വരുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി.

മൊബൈലില്‍ സംസാരിച്ചും പാട്ടുകേട്ടും സ്വയംമറക്കുന്നവരെയാണു മോഷ്ടാക്കള്‍ ഉന്നംവയ്ക്കുക. പണവും മറ്റും ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ ഒളിപ്പിക്കുക. യാത്രചെയ്യുമ്പോള്‍ കൂടുതല്‍ പണം കരുതുന്നത് ഒഴിവാക്കുക. ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയുടെ കോപ്പി മാത്രം ബാഗില്‍ സൂക്ഷിക്കുക. അപരിചിതരുമായി ഇടപെടുന്നതു കഴിവതും ഒഴിവാക്കുക. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും പഴ്‌സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് ഉറപ്പാക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ട് വയ്ക്കുക.

ഇത്തവണ ഓണ അവധി തുടര്‍ച്ചയായ എട്ടു ദിവസങ്ങള്‍ ആയതിനാല്‍ ഈ ദിവസങ്ങള്‍ ലക്ഷ്യമിട്ട് കള്ളന്മാര്‍ തിരുട്ടു ഗ്രാമത്തില്‍ നിന്നും എത്തും. അതിനാല്‍ തന്നെ വിജനമായ വഴിയിലൂടെ സ്ത്രീകള്‍ തനിച്ചു നടക്കുന്നത് ഒഴിവാക്കണം. സന്ധ്യകഴിഞ്ഞു തനിച്ചുള്ള യാത്ര ഒഴിവാക്കുക. ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘങ്ങള്‍ക്കു ഹെല്‍മറ്റ് മറയാകുന്നുണ്ട്. ഹെല്‍മറ്റ് ധരിച്ചവര്‍ അടുത്തുവരുമ്പോള്‍ ശ്രദ്ധിക്കുക. വഴി ചോദിച്ചോ പരിചയം നടിച്ചോ ആണു മിക്കപ്പോഴും മോഷ്ടാക്കള്‍ അടുത്തെത്തുന്നത്. കഴിയുന്നത്ര ഒഴിഞ്ഞുമാറുക. വളരെ അടുത്തെത്തിയാലേ മാല പൊട്ടിക്കാനാകൂ. സ്വര്‍ണമാല ധരിച്ചിട്ടുണ്ടെങ്കില്‍ അതു വസ്ത്രം കൊണ്ടു മറച്ചു വയ്ക്കുക. മാല നഷ്ടപ്പെട്ടാല്‍ ബഹളംവച്ച് ആളെ കൂട്ടുക. വേഗം പൊലീസിനെ അറിയിക്കുക. മോഷ്ടാക്കളെപ്പറ്റിയുള്ള പരമാവധി സൂചനകളും നല്‍കുക.

ലുക്കിലല്ല വര്‍ക്കിലാണ് കാര്യം എന്നു പറയാറില്ലേ…അതു തന്നെയാണ് കള്ളന്മാരുടെ പോളിസിയും. കാഴ്ചയില്‍ കള്ളന്മാരായി തോന്നില്ല. മോടിയായി വസ്ത്രം ധരിച്ചാണ് ഇവര്‍ കളത്തിലിറങ്ങുക. ഇങ്ങനെ നല്ല വസ്ത്രം ധരിച്ചു ബസില്‍ കയറുന്ന ഇത്തരം പെണ്‍ മോഷണ സംഘങ്ങളെ കണ്ടാല്‍ സംശയം തോന്നില്ല. ചിലപ്പോള്‍ ഒരേ സമയം രണ്ടു വസ്ത്രങ്ങള്‍ അണിഞ്ഞാവും ഇവരുടെ ഓപ്പറേഷന്‍. മോഷണം നടത്തിയ ശേഷം ബസില്‍നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഉടന്‍ വേഷം മാറി സ്ഥലം വിടുകയാണു പതിവ്. കവലകളിലും ആഭരണ ശാലകളിലും, വസ്ത്ര ശാലകളിലും, മറ്റു കച്ചവട സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഇവര്‍ സംഘടിതമായി എത്തി ഓപ്പറേഷന്‍ നടത്തും.

പോക്കറ്റടിക്കു പുറമേ ബാഗിനുള്ളിലെ പണവും കഴുത്തിലെ മാലയും ഇവര്‍ മോഷ്ടിക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇത്തരം സംഘത്തെ തിരിച്ചറിയാന്‍ പ്രയാസമാണെന്നു പൊലീസ് പറയുന്നു. പുരുഷ മോഷ്ടാക്കളെക്കാള്‍ വിദഗ്ധമായാണു ബസുകളിലും മറ്റും വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനം. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചു യാത്രക്കാര്‍ക്കിടയിലൂടെ തിക്കിത്തിരക്കി കയറുന്ന സംഘം സ്ത്രീകളുടെ മാല, ബാഗ്, പഴ്‌സ് മുതലായവയാണ് ഉന്നം വയ്ക്കുന്നത്.

പരിചയം നടിച്ച് അടുത്തുകൂടി തട്ടിപ്പു നടത്തുന്നതും സംഘത്തിന്റെ രീതിയാണ്. അടുത്തിരിക്കുന്നവരോട് പരിചയ ഭാവം കാണിക്കും. ഡയലോഗുകള്‍ കാച്ചി വലയില്‍ വീഴ്ത്തും. സാരിത്തലപ്പ്, ചുരിദാര്‍ ഷാള്‍ എന്നിവ ഉപയോഗിച്ച് കൈയും ബാഗും മറയ്ക്കും. പിന്നെയാണു മോഷണത്തിന്റെ നമ്പര്‍ ഇറക്കുക. ചിലപ്പോള്‍ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്ക് മെല്ലെ ചായും. ഇതിനിടെ ഇവരുടെ കൈ സഹയാത്രികയുടെ ബാഗിനു മുകളിലെത്തും. സിപ് തുറന്ന് ഉള്ളിലുള്ള പഴ്‌സും പൊതിയും അടിച്ചു മാറ്റുകയാണു ചിലരുടെ തന്ത്രം. മോഷ്ടാക്കള്‍ മറുകര കടക്കുമ്പോള്‍ മാത്രമാണു പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുക. അതിനാല്‍ തന്നെ എല്ലാവരും കരുതിയിരിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Related posts