800 സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു ! വിജയ് സേതുപതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കുനേരെ ബലാല്‍സംഗ ഭീഷണി…

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കാനൊരുങ്ങുന്ന 800 എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതായി നടന്‍ വിജയ് സേതുപതി അറിയിച്ചിരുന്നു.

ഇതിനു പിന്നാലെ താരത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്.

റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്.

ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.

ഈ ട്വിറ്റര്‍ വന്നതിനു പിന്നാലെ അക്കൗണ്ടിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തു. മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ച് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു.

800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ സജീവമായി. ‘ഷെയിം ഓണ്‍ യൂ’, ‘ബോയ്‌കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ് ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.

വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരുടെ കൂട്ടക്കൊലയ്ക്കു സാക്ഷ്യം വഹിച്ച സ്ഥലമാണ് ശ്രീലങ്കയെന്നും അതിനാല്‍ തന്നെ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നും വിമര്‍ശകന്‍ ആരോപിച്ചു.

30 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് മുത്തയ്യ മുരളീധരനെ കണക്കാക്കുന്നത്.

വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി മുത്തയ്യ മുരളീധരന്‍ രംഗത്ത് വരികയും ചെയ്തു.

ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ ? എന്റെ ജീവിതത്തെകുറിച്ച് അറിയാത്തവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എന്നെ തമിഴ് സമൂഹത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്തയായി മുദ്ര കുത്തുന്നു.

അതെന്നെ വേദനിപ്പിക്കുന്നു. എന്റെ കാരണങ്ങള്‍ എന്റെ എതിരാളികളെ സമാധാനിപ്പിക്കില്ലെങ്കിലും മറുവശത്ത്, എന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു… ഇങ്ങനെയായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം.

”എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ ഞാന്‍ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തില്‍ എന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, പരിശീലകര്‍, സഹകളിക്കാര്‍ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാന്‍ കരുതി.

എന്റെ കഥ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും ഞാന്‍ വിചാരിച്ചു. എന്നാല്‍ എന്റെ പേരില്‍ ഒരു നടനും കഷ്ടപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

അതുകൊണ്ട് തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഞാന്‍ വിജയ് സേതുപതിയോട് അപേക്ഷിക്കുകയാണ്” മുത്തയ്യ മുരളീധരന്‍ കുറിച്ചു.

Related posts

Leave a Comment