വീടും കെട്ടിടങ്ങളും പണിയുന്നവരുടെ ശ്രദ്ധയ്ക്ക്! രാജ്യത്തെ മൂന്നില്‍ രണ്ട് ടിഎംടി കമ്പി ബ്രാന്‍ഡുകളും ഗുണനിലവാര ടെസ്റ്റില്‍ പരാജയപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്

കെട്ടിട നിര്‍മാണത്തിലെ ഒഴിച്ചു കൂടാനാവാത്ത വസ്തുവായ കമ്പികള്‍ നിര്‍മിക്കുന്ന, രാജ്യത്തെ 18 പ്രമുഖ കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തതെന്ന റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മിതിക്കായി കോളം, ബീം, മേല്‍ക്കൂര കോണ്‍ക്രീറ്റ് എന്നിവയ്ക്കുള്ള കമ്പികള്‍ നിര്‍മ്മിക്കുന്ന ഭാരതത്തിലെ പൊതുമേഖലയിലുള്‍പ്പെടെയുള്ള 18 പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് ബലപരിശോധനയ്ക്കുള്ള ടെസ്റ്റില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നത്. ഇതുമൂലം രാജ്യത്തെ അനേകായിരം നിര്‍മ്മിതികള്‍ അപകട ഭീഷണിയിലായിരിക്കുകയാണ്.

ഭാരതത്തിലെ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട തിങ്ക് ടാങ്ക് ഫസ്റ്റ് കണ്‍സ്ട്രക്ഷന്‍ കൗണ്‍സിലാണ് ( Think Tank First Construction Council ) ഈ ടെസ്റ്റ് നടത്തിയത്.

18 കമ്പനികളുടെ കമ്പികള്‍ ആണ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. ആകെ 26 ബ്രാന്‍ഡഡ് കമ്പനികളുടെ 8 mm , 16 mm , 25 mm കമ്പികളാണ് ടെസ്റ്റ് ചെയ്യപ്പെട്ടത്. ടെസ്റ്റില്‍ പരാജയപ്പെട്ട കമ്പികളുടെ നിര്‍മ്മാണത്തിലെ കെമിക്കല്‍ പ്രോസസിലാണ് അവര്‍ക്കു പിഴവു പറ്റിയിരിക്കുന്നത്. ഇതില്‍ ഫോസ്ഫറസും , സള്‍ഫറും വളരെ അധികമായിരുന്നു. തന്മൂലം കമ്പികള്‍ പെട്ടെന്ന് തുരുമ്പിക്കാനും ദ്രവിക്കാനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

കമ്പി നിര്‍മ്മാണത്തില്‍ ഫോസ്ഫറസും , സള്‍ഫറും അധികം ചേര്‍ക്കുന്നത് നിര്‍മ്മാണച്ചെലവ് കുറയ്ക്കാനും ലാഭം വര്‍ദ്ധിക്കാനുമാണ്. ഇതുകൂടാതെ കമ്പികള്‍ നിര്‍മ്മിക്കുന്നതിന് പഴയ ആക്രി ലോഹവും ഉരുക്കിച്ചേര്‍ത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ടെസ്റ്റില്‍ പരാജയപ്പെട്ട കമ്പനികളുടെ പൂര്‍ണവിവരങ്ങള്‍ കൂടുതല്‍ നടപടികള്‍ക്കായി ഫസ്റ്റ് കണ്‍സ്ട്രക്ഷന്‍ കൗണ്‍സില്‍, കേന്ദ്ര ഉരുക്കു നിര്‍മ്മാണ വ്യവസായ മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്.

പതിനായിരക്കണക്കിന് കമ്പനികള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കെട്ടിടം പണിയ്ക്കായി കമ്പികള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്..

BIS ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചു നിര്‍മ്മിച്ച കമ്പികള്‍ മാത്രമുപയോഗിക്കുക. അതിന്റെ ബാച്ചുനമ്പര്‍ നോക്കിയശേഷം അതനുസരിച്ചുള്ള ടെസ്റ്റ് റിസള്‍ട്ട് ( ബലപരിശോധന ) ഡീലറോട് കാണിക്കാന്‍ ആവശ്യപ്പെടുക. 1000 ചതുരശ്ര അടി കോണ്‍ക്രീറ്റ് ഏരിയക്ക് 3 ടണ്‍ കമ്പി ആവശ്യമാണ്. BIS മാനദണ്ഡമനുസരിച്ചു നിര്‍മ്മിച്ചിരിക്കുന്ന കമ്പികള്‍ക്ക് മറ്റുള്ള കമ്പികളേക്കാള്‍ ടണ്ണിന് 8000 രൂപ വില അധികമാണ്. ഈ വിലക്കൂടുതലാണ് ആളുകളെ കുറഞ്ഞ നിലവാരമുള്ള കമ്പികള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും സ്വയം അപകടം വരുത്തിവയ്ക്കുന്നതും.

Related posts