നടൻ മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനിയ്ക്കെതിരെ വിമർശനം കടുക്കുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് നായകനായെത്തിയ ടോക്സിക്ക് 0.5 റേറ്റിംഗ് നൽകിയതാണ് പലരെയും ചൊടിപ്പിച്ചത്.
ലെറ്റർ ബോക്സ് അക്കൗണ്ടിലാണ് ഗൗതം സിനിമയ്ക്ക് 0.5 റേറ്റിങ് നൽകിയത്. ടോക്സിക് ഉൾപ്പെടെ പിതാവായ മഹേഷ് ബാബു അഭിനയിച്ച ചിത്രങ്ങൾക്കും മകൻ ലെറ്റർബോക്സിൽ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഇതിൽ മഹേഷ് ബാബുവിന്റെ ചില സിനിമകൾക്ക് വളരെ കുറവ് റേറ്റിംഗാണ് മകൻ നൽകിയത് എന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
പിതാവായ മഹേഷ് ബാബുവിന്റെ ചിത്രങ്ങളായ പോക്കിരി പോലുള്ള ചിത്രങ്ങൾക്ക് 5 സ്റ്റാറും ‘നിജം’ ‘വംശി2’ എന്നീ ചിത്രങ്ങൾക്ക് 2 സ്റ്റാറും നൽകിയിട്ടുണ്ട്. ഗൗതമിന്റെ റേറ്റിംഗുകൾ മഹേഷ് ബാബുവിന്റെ ആരാധകർക്കിടയിലും തെലുങ്ക് സിനിമാ ആരാധകർക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതോടെ ഗൗതമിന്റെ ഫിലിം റേറ്റിംഗുകൾക്ക് വലിയ വിമർശനവും നേരിടുന്നുണ്ട്.
സിനിമ പ്രേമികൾക്കായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ലെറ്റർബോക്സ്ഡ്. ഇതുവഴി സിനിമപ്രേമികൾക്ക് പരസ്പരം ബന്ധപ്പെടാനും കാണുന്ന സിനിമകളുടെ റേറ്റിംഗ് രേഖപ്പെടുത്താനും സിനിമകൾ ട്രാക്ക് ചെയ്യാനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണിത്. ഇരുപതുകാരനായ ഗൗതം ലെറ്റർ ബോക്സ്ഡ് അക്കൗണ്ടിലെ പ്രൊഫൈലിൽ സിനിമപ്രേമി എന്നാണ് ചേർത്തിരിക്കുന്നത്.
വിവിധ ഴോണറിലുള്ള 400ൽ അധികം സിനിമകൾ ഗൗതം കണ്ടിട്ടുണ്ട്. തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലെ ചിത്രങ്ങളാണ് ഇവ. ഗൗതം സിനിമ ബന്ധങ്ങൾക്ക് അപ്പുറം നിന്നാണ് പല സിനിമകൾക്കും റേറ്റിംഗ് നൽകിയിരിക്കുന്നത് എന്നും കാണാം.
