2016 ലെ സുവര്‍ണ്ണ ട്വീറ്റ് കോഹ്‌ലിയുടേത് ! അനുഷ്‌കയെ ട്രോളിയവര്‍ക്കുള്ള മറുപടി

virat-anushkaപതിവ് പോലെ ഈ വര്‍ഷാവസാനവും ട്വിറ്റര്‍ തങ്ങളുടെ സൈറ്റിലൂടെ ഷെയര്‍ ചെയ്യപ്പെട്ട ഏറ്റവും മികച്ച ട്വീറ്റ് ഏതെന്ന് കണ്ടെത്തി പ്രഖ്യാപിച്ചു. 2016 ലെ ഗോള്‍ഡന്‍ ട്വീറ്റിന്റെ ഉടമയെന്ന ഖ്യാതി ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലാണ്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്കാണ് കോഹ്‌ലി ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഗോള്‍ഡന്‍ ട്വീറ്റായി കോഹ്‌ലിയുടെ പോസ്റ്റിനെ തെരഞ്ഞെടുത്തതോടെ മറ്റൊരു പൊന്‍തൂവല്‍ കൂടി കോഹ്‌ലി തന്റെ കിരീടത്തിലേക്ക് ചാര്‍ത്തിയിരിക്കുകയാണ്.

കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയെ ട്രോളിയവര്‍ക്കുള്ള കോഹ്‌ലിയുടെ മറുപടിയായിരുന്നു ട്വീറ്റില്‍.  അനുഷ്‌കയുമായുള്ള പ്രണയബന്ധം തകര്‍ന്നതിനാലാണ് കോഹ്‌ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചതെന്ന പ്രചാരണം നവമാധ്യമങ്ങളില്‍ ട്രോളുകള്‍ സഹിതം വ്യാപകമായതോടെയാണ് കോഹ്‌ലി മൗനം വെടിഞ്ഞ് രംഗത്തെത്തിയത്.

‘തുടര്‍ച്ചയായി അനുഷ്‌കയെ പരിഹസിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നുന്നു. കുറച്ച് അനുകമ്പ കാണിക്കു. എല്ലായ്‌പ്പോഴും എനിക്ക് പ്രചോദനം നല്‍കിയിരുന്ന ആളാണ്  അനുഷ്‌ക’ .  ട്വന്റി 20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചതാണ് ഇത്.

മാര്‍ച്ച് 28ാം തിയതി കോഹ്‌ലി പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് വൈറലായിരുന്നു.  39,000 പേരാണ് അന്ന് കോഹ്‌ലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.  ഒരു ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിരുന്നു.

Related posts