കീവ്: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച റഷ്യ-യുക്രയ്ൻ സമാധാനപദ്ധതി അംഗീകരിച്ച് യുക്രയ്ൻ പ്രസിഡന്റ് സെലൻസ്കി. സമാധാനക്കരാർ സംബന്ധിച്ച നിർദേശങ്ങൾ ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് സെലൻസ്കി പറഞ്ഞു.
ജർമൻ തലസ്ഥാനമായ ബർലിനിൽ യുഎസ് അധികൃതരുമായി നടന്ന ചർച്ചകളിൽ അവതരിപ്പിച്ച കരട് സമാധാന പദ്ധതി പ്രായോഗികമാണെന്ന് സെലെൻസ്കി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ചയിലെ നിർദേശങ്ങൾ അന്തിമമാക്കിയതിനുശേഷം യുഎസ് അധികൃതർ കരട് സമാധാന പദ്ധതി റഷ്യയുമായി പങ്കുവയ്ക്കും. എന്നാൽ, റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പ്രശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
യുഎസ് തയാറാക്കിയ സമാധാന പദ്ധതിയുടെ ഏകദേശം 90 ശതമാനം സംബന്ധിച്ച് യുക്രെയ്നും യൂറോപ്പും സമവായത്തിലായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.ഡോൺബാസിന്റെ ഏതെങ്കിലും ഭാഗത്തിനുമേലുള്ള മോസ്കോയുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് സെലൻസ്കി ആവർത്തിച്ചു. അമേരിക്ക വിട്ടുവീഴ്ചയ്ക്കു ശ്രമിക്കുകയാണ്. ഡോൺബാസിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാണ് അവർ നിർദേശിക്കുന്നത്.
എന്നാൽ, ഈ സ്വതന്ത്ര സാമ്പത്തികമേഖല റഷ്യയുടെ നിയന്ത്രണത്തിലാകാൻ സമ്മതക്കില്ലെന്നും സെലൻസ്കി പറഞ്ഞു.മുൻപത്തേക്കാൾ സമാധാന കരാറിലേക്കു കൂടുതൽ അടുത്തിരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
