അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കൊച്ചിയിലുമുണ്ട് ‘ഡി കമ്പനി’; കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയ മാഫിയത്തലവന്റെ ഉറ്റസുഹൃത്ത് മലയാളത്തിലെ ന്യൂജെന്‍ നിര്‍മാതാവ്; ദാവൂദുമായി നേരിട്ട് ബന്ധം…

കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കൊച്ചിയിലുമുണ്ട് അധോലോകം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ ബിഷു ഷെയ്ഖിനെ കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘം അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വന്‍കള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് എത്തിച്ചത്.

സദാ അംഗരക്ഷകരുടെ കാവലില്‍ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊല്‍ക്കത്തയില്‍ വെച്ച് സാഹസികമായാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉള്‍പ്പെടെ അന്വേഷിക്കുന്ന പ്രതിയാണിയാള്‍. ദാവൂദ് ഇബ്രാഹിംമിന്റെ ഡി കമ്പനിയില്‍ അംഗമായ ഇയാള്‍ക്ക് പല തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ട്. മയക്കുമരുന്നാണ് പ്രധാന കള്ളക്കടത്തു വസ്തു. അഫ്ഗാനാണ് മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രം. പാകിസ്ഥാനിലെത്തിച്ച ശേഷം അവിടെ നിന്നും ബംഗ്ലാദേശിലേക്കും പിന്നീട് കൊല്‍ക്കത്ത വഴി ഇന്ത്യയിലങ്ങോളമിങ്ങോളം എന്നതാണ് മയക്കുമരുന്നിന്റെ പാത. പാക്കിസ്ഥാനിലിരുന്ന് ദാവൂദ് നിയന്ത്രിക്കുന്ന ഈ നെറ്റ് വര്‍ക്കിലെ ഇന്ത്യയിലെ പ്രധാനിയാണ് ബിഷു ഷെയ്ക്. മലയാളത്തിലെ ഒരു പ്രധാന സിനിമാ നിര്‍മ്മതാവുമായും ബിഷുവിന് ബന്ധമുണ്ട്. ടിജെ പാര്‍ട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതും ബിഷുവാണ്.

നടി ആക്രമിക്കപ്പെട്ട സമയത്ത് ചര്‍ച്ചാവിഷയമായ ആളാണ് ഈ നിര്‍മാതാവ്. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായ സമയത്തും ഈ ന്യൂജന്‍ നിര്‍മാതാവിന്റെ നേര്‍ക്ക് സംശയ ദൃഷ്ടി നീണ്ടിരുന്നെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുള്ളതിനാള്‍ ഇയാള്‍ അന്ന് രക്ഷപ്പെട്ടു. ബിഷുവില്‍ നിന്ന് ഈ നിര്‍മ്മാതാവിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവ് കിട്ടുമോ എന്നാണ് ഇപ്പോള്‍ സിബിഐ പരിശോധിക്കുന്നത്. അങ്ങനെ വന്നാല്‍ ദുബായിലുള്ള മലയാളിയെ പിടികൂടാനും നീക്കം തുടങ്ങും. സിനിമാ മേഖലയില്‍ കള്ളപ്പണത്തെ നിയന്ത്രിക്കുന്നവരില്‍ പ്രമുഖനാണ് ഈ നിര്‍മ്മാതാവ്.

അഞ്ചുലക്ഷം രൂപയുമായി ആലപ്പുഴയില്‍ പിടിയിലായ മലയാളി ബിഎസ്എഫ് കമാന്‍ഡ് ജിബു ടി മാത്യുവാണ് ബിഷു ഷെയ്കിലേക്ക് വരില്‍ ചൂണ്ടുന്ന സൂചനകള്‍ നല്‍കിയത്. പിടികൂടിയ പണം കള്ളക്കടത്തുകാര്‍ നല്‍കിയ കോഴയാണെന്നു കമന്‍ഡാന്റ് ജിബു ടി.മാത്യു സിബിഐക്കു മൊഴി നല്‍കിയിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയാണ് ജിബു ടി മാത്യു. നാട്ടുകാര്‍ക്ക് മുന്നില്‍ സത്യസന്ധനായ സൈനികന്റെ പരിവേഷമാണ് ഇയാള്‍ ഉണ്ടാക്കിയെടുത്തിരുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലിചെയ്തിരുന്ന ജിബു ടി.മാത്യു ഏറെക്കാലമായി സിബിഐ നിരീക്ഷണത്തിലായിരുന്നു.

ഇദ്ദേഹത്തിനെതിരെ വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ബിഎസ് എഫ് കമാന്‍ഡ് കള്ളക്കടത്തുകാരുടെ ഏജന്റായിരുന്നു. പശ്ചിമ ബംഗാളില്‍നിന്നു ഷാലിമാര്‍ എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണു പത്തനംതിട്ട സ്വദേശിയായ ജിബു ടി.മാത്യു പിടിയിലായത്. ബംഗ്ലാദേശില്‍നിന്ന് എത്തുന്ന കള്ളക്കടത്തുകാര്‍ക്കു ജിബു നിരന്തര സഹായം ചെയ്തിരുന്നു. ജിബുവിനൊപ്പം അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്തിനു സഹായം നല്‍കിയിരുന്നതായി സിബിഐക്കു വിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തിലും വ്യക്തമായ തെളിവുകള്‍ സിബിഐക്ക് കിട്ടിയിട്ടുണ്ട്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ജിബുവിന് ബിഷുവുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍ തന്നെ ഉണ്ടായിരുന്നതായാണ് വിവരം.

 

 

Related posts