യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ സംഭവം; രണ്ടു എസ്എഫ്ഐ നേതാക്കൾക്കായി തെരച്ചിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിൽ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു എസ്എഫ്ഐ നേതാക്കളെ പോലീസ് തിരയുന്നു. ചാല ഏരിയ കമ്മിറ്റി അംഗം നസീം, ശിവരഞ്ജിത്ത് എന്നിവരാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. ഇതിൽ നസീം തിരുവനന്തപുരം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ റോഡിലിട്ട് മർദ്ദിച്ച കേസിൽ പ്രതിയാണ്.

നസീമും ശിവരഞ്ജിത്തുമാണ് കുത്തിയതെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കാന്പസിലെ നിരവധി വിദ്യാർഥികളും എസ്എഫ്ഐ നേതാക്കൾക്കെതിരേ രംഗത്തുവന്നു. കന്േ‍റാണ്‍മെന്‍റ് അസിസ്റ്റൻഡ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

ട്രാഫിക് പോലീസിനെ മർദ്ദിച്ച സംഭവത്തിൽ നസീമിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിച്ചത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇയാൾ ഒളിവിലാണെന്നായിരുന്നു പോലീസ് വിശദീകരണം. അതിനിടെ ഇയാൾ തലസ്ഥാനത്ത് മന്ത്രി എ.കെ.ബാലൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പോലീസ് വെട്ടിലായി. പിന്നാലെ ഇയാൾ കീഴടങ്ങി ജാമ്യം നേടുകയായിരുന്നു.

പോലീസ് കോണ്‍സ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് നസീമിനെ കേസിൽ നിന്നൊഴിവാക്കാൻ ശ്രമം നടന്നതെന്നും ആരോപണങ്ങളുണ്ടായിരുന്നു. ട്രാഫിക് പോലീസുകാരനെ മർദ്ദിച്ച കേസിന് പിന്നാലെയാണ് കോളജിലെ കുത്ത് കേസിൽ ഇയാളെ പോലീസ് തിരയുന്നത്.

Related posts