അത് തള്ളലല്ല ! മോദിയ്‌ക്കൊപ്പം പട്ടം പറത്തിയെന്ന് പറഞ്ഞത് സത്യമെന്ന് ഉണ്ണി മുകുന്ദന്‍; ആ പട്ടം പറത്തലിന്റെ കഥയിങ്ങനെ…

തന്റെ ബാല്യകാലത്ത് നരേന്ദ്രമോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്നു നടന്‍ ഉണ്ണി മുകുന്ദന്‍ അടുത്തിടെ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതില്‍ കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് താരം. താന്‍ ഗുജറാത്തിലായിരുന്ന കാലത്താണ് മോദിയ്‌ക്കൊപ്പം പട്ടം പറത്തിയതെന്ന് ഉണ്ണി പറയുന്നു. ആ സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

‘ഗുജറാത്തിലായിരുന്ന സമയത്ത് ഞാന്‍ താമസിച്ചത് അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ്. അന്നു തന്നെ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവൃത്തിക്കാന്‍ താത്പര്യമുള്ളയാളാണ് അദ്ദേഹം. ഗുജറാത്തിലെ മലയാളി സമാജത്തിലും കേരളസമാജത്തിലുമൊക്കെ ഞാന്‍ വളരെ ആക്ടീവായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം മലയാളത്തില്‍ ഓണം ആശംസിക്കുന്നത് കേട്ടിട്ടുണ്ട്.’

‘ഓണത്തിന്റെയും ക്രിസ്മസിന്റെയുമൊക്കെ സമയത്ത് അദ്ദേഹം ആശംസകള്‍ നേരാറുണ്ട്. എനിക്കത് പുതുമയല്ല. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്നോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്നൊന്നും അന്ന് വിചാരിച്ചില്ല. ഗുജറാത്തിലെ വലിയ ആഘോഷമാണ് ഉത്തരായനം. അതിന്റെ ഭാഗമായിട്ടാണ് പലയിടത്തും വന്ന് അദ്ദേഹം പട്ടം പറത്താറുണ്ട്. അങ്ങനെയുണ്ടായ ഒരു അനുഭവമാണ് മോദിയോടൊപ്പമുള്ള പട്ടം പറത്തല്‍.’ഉണ്ണി പറയുന്നു. എന്തായാലും ഉണ്ണിയുടെ പട്ടം പറത്തല്‍ കഥ തള്ളല്ലെന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്.

Related posts