ന്യൂഡൽഹി: യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ കാര്യക്ഷമമാക്കുന്നതിനായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തിൽ നിരവധി മാറ്റങ്ങൾ വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഓഗസ്റ്റ് ഒന്നുമുതൽ പുതിയ മാർഗനിർദേശങ്ങൾ ബാധകമാകും.
യുപിഐ ഇടപാടുകളിൽ അടുത്തിടെയുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ദൈനംദിന ഇടപാടുകളെ ഈ മാറ്റങ്ങൾ ബാധിക്കില്ലെങ്കിലും ഉപയോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിലും ഇടപാടുകളുടെ സ്റ്റാറ്റസ് അറിയുന്നതിലുമൊക്കെ നിയന്ത്രണം വരുത്തിയിട്ടുണ്ട്. പേടിഎം, ഗൂഗിൾ പേ, ഫോണ് പേ, ഉൾപ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചട്ടങ്ങൾ ബാധകമാകും.
ഓഗസ്റ്റ് ഒന്നു മുതൽ ബാലൻസ് പരിശോധിക്കാനുള്ള പരിധി 50 തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സെർവറുകളിലെ സിസ്റ്റം ലോഡ് കുറയ്ക്കാൻ കഴിയും. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉള്ള ഒരാളാണെങ്കിൽ അവർക്കും ഓരോ ആപ്പിലും 50 തവണ അവരുടെ ബാലൻസ് പരിശോധിക്കാം. ഇടയ്ക്കിടെ ബാലൻസുകളും ഇടപാടുകളുമൊക്കെ പരിശോധിക്കേണ്ടി വരുന്ന വ്യാപാരികളെയായിരിക്കും ഈ മാറ്റം ഏറ്റവുമധികം ബാധിക്കുക.
ഓരോ വിജയകരമായ യുപിഐ ഇടപാടിനുശേഷവും സ്ഥിരീകരണ സന്ദേശത്തിൽ ലഭ്യമായ അക്കൗണ്ട് ബാലൻസ് ഉൾപ്പെടുത്താൻ ബാങ്കുകളോട് എൻപിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് ഓരോ തവണയും നേരിട്ട് യുപിഐ പ്ലാറ്റഫോമുകളിൽ ബാലൻസ് പരിശോധിക്കേണ്ട ആവശ്യം വരുന്നില്ല.
ഫോണ് നന്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ദിവസത്തിൽ 25 തവണയിൽ കൂടുതൽ പരിശോധിക്കാൻ കഴിയില്ല. ബിൽ പേയ്മെന്റ്, എസ്ഐപി, ഓടിടി പേയ്മെന്റ് പോലുള്ള ഓട്ടോഡെബിറ്റ് ഇടപാടുകൾക്ക് ദിവസം മൂന്ന് ടൈം സ്ലോട്ടുകൾ നൽകും. രാവിലെ പത്തിന് മുന്പ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയിൽ, രാത്രി 9.30ന് ശേഷം എന്നിങ്ങനെയാണ് സ്ലോട്ട്.
കൂടാതെ ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കാൻ പരമാവധി മൂന്ന് തവണയാണ് സാധിക്കുക. കുറഞ്ഞത് 90 സെക്കന്ഡ് ഇടവേളയിലാണ് ഈ പരിശോധന സാധ്യമാകുക. അതേപോലെ തട്ടിപ്പുകളും തെറ്റുകളും പരമാവധി കുറയ്ക്കാനായി ഇനി മുതൽ പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്കിന്റെ പേര് പ്രദർശിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
അടുത്തിടെ അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പണമിടപാട് സംവിധാനമായി യുപിഐ മാറിയെന്നു പ്രഖ്യാപിച്ചിരുന്നു. മാസംതോറും 1800 കോടിയിലധികം ഇടപാടുകളാണ് യുപിഐ ആപ്പുകളിലൂടെ നടക്കുന്നത്. ജൂണിൽ മാത്രം 24.03 ലക്ഷം കോടിയുടെ ഇടപാടുകൾ നടന്നു.
2024 ജൂണിനെ അപേക്ഷിച്ച് 32 ശതമാനമാണ് വർധനവ്. രാജ്യത്തെ 4.9 കോടി ആളുകൾക്കും 65 ദശലക്ഷം വ്യാപാരികൾക്കും യുപിഐ സേവനം നൽകുന്നു. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ 85 ശതമാനവും യുപിഐയാണ് കൈകാര്യം ചെയ്യുന്നത്.