മസ്കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്ക-ഇറാൻ മൂന്നാം വട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണ് ചർച്ചയുമായി ബന്ധപ്പെട്ട ഔദ്യോഗിവിവരങ്ങൾ അറിയിച്ചത്. സമാധാനപരമായ അന്തിമ കരാറിൽ അമേരിക്കുയം ഇറാനും എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും ബുസൈദി പ്രത്യാശ പ്രകടിപ്പിച്ചു.
ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. നയതന്ത്രപരമായ പരിഹാരം ഇപ്പോഴും സാധ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കിയിരുന്നു. നേരത്തെ നടന്ന രണ്ടാം വട്ട ചർച്ചയിൽ കരാറിന്റെ പൊതുവായ തത്വങ്ങളിൽ ഇരുരാജ്യങ്ങളും ഏകദേശ ധാരണയിൽ എത്തിയിരുന്നു. ഇതിന്റെ കരടുരേഖകൾ പരിശോധിച്ച ശേഷമായിരിക്കും വ്യാഴാഴ്ചത്തെ ചർച്ചകൾ പുരോഗമിക്കുക.
സമാധാന ചർച്ചകൾ നടക്കുമ്പോഴും ചില സുപ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറാൻ ആണവായുധം നിർമിക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയാറാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ ആണവ സംവിധാനങ്ങൾ പൂർണമായി ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അതേസമയം, ഇറാന് യാതൊരുവിധ ആണവ സംവിധാനങ്ങളും പാടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതേസമയം, ഇറാന്റെ ബാല്ലിസ്റ്റിക് മിസൈൽ പദ്ധതികൾ പുതിയ കരാറിൾ ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ല. അന്തിമ കരാറിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ചില സൂചനകൾ നൽകുന്നുണ്ട്. ഒരു വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നിർത്തിവയ്ക്കുക. തുടർന്ന്, ഒരു അന്താരാഷ്ട്ര കൺസോർഷ്യത്തിന്റെ മേൽനോട്ടത്തിൽ മാത്രം സമ്പുഷ്ടീകരണം തുടരുക.
നിലവിലുള്ള യുറേനിയം ശേഖരം അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കു കൈമാറുക തുടങ്ങിയവ കരാറിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഒരു വശത്ത് ചർച്ചകൾ പുരോഗമിക്കുന്പോഴും പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സന്നാഹം വർദ്ധിപ്പിക്കുന്നത് കനത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ ചർച്ചകൾ പരാജയപ്പെട്ടാൽ മേഖലയിൽ സംഘർഷം കൂടുതൽ കടുക്കാനാണു സാധ്യത.
