ഗവര്‍ണര്‍ വാജുഭായി ഇപ്പോള്‍ തീര്‍ക്കുന്നത് 22 വര്‍ഷം മനസില്‍ സൂക്ഷിച്ച കണക്ക്; ബിജെപിയ്‌ക്കെതിരായ നീക്കം വിജയം കണ്ടപ്പോഴും ദേവഗൗഡയെ അസ്വസ്ഥനാക്കിയത് ആ പഴയ കണക്ക്…

ന്യൂഡല്‍ഹി: ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസും ജെഡിഎസും ഉയര്‍ത്തിക്കാട്ടിയപ്പോഴും ഒരാള്‍ അസ്വസ്ഥനായിരുന്നു. കുമാരസ്വാമിയുടെ അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ സാക്ഷാല്‍ എച്ച് ഡി ദേവഗൗഡയായിരുന്നു ആ വ്യക്തി.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണെന്നും ആ അവസരത്തില്‍ ആ പഴയ പക ഗവര്‍ണ്ണര്‍ വാജുഭായ് തന്റെ മകനോട് പുറത്തെടുക്കുമോ എന്ന ആശങ്ക ദേവഗൗഡയ്ക്കുണ്ടായിരുന്നു. ആ ആശങ്ക അസ്ഥാനത്തായില്ലെന്ന് തന്നെയാണ് ഈ വിഷയത്തില്‍ ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനത്തില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുക.ഗവര്‍ണറുടെ തീരുമാനം ബിജെപിക്കനുകൂലമായതിനുള്ള പല കാരണങ്ങളിലൊന്നില്‍ ഒരു പഴയ ചരിത്രമാണ്. എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജുഭായ് വാലയ്ക്ക് നേരിട്ട ഒരു ദുരനുഭവമാണത്.

1996ല്‍ വാജുഭായ് വാല ഗുജറാത്ത് ബിജെപി. പ്രസിഡന്റായിരുന്ന കാലത്ത് ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിട്ടും അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ മന്ത്രിസഭാ രൂപീകരണത്തിന് അനുമതി നല്‍കിയിരുന്നില്ല. ദേവഗൗഡയും വാജുഭായിയും അക്കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവണം. അന്നു സംഭവിച്ചത് ഇങ്ങനെ…1996ല്‍ ബിജെപിയുടെ സുരേഷ്മെഹ്ത ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഇടപെടലിനെത്തുടര്‍ന്ന് ബിജെപി നേതാവായിരുന്ന ശങ്കര്‍ സിങ് വഗേല ബിജെപിയുടെ വിമത സ്വരമായി. മാത്രമല്ല തനിക്ക് 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അവകാശവാദമനന്നയിച്ചു.182 അംഗ നിയമസഭയില്‍ 121 എംഎല്‍എമാരായിരുന്നു ബിജെപിക്കുണ്ടായിരുന്നത്.

ഇതേത്തുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണ്ണര്‍ സുരേഷ് മെഹ്തയോട് ഭൂരിപക്ഷം തെളിയിക്കാന്‍ പറഞ്ഞു. എന്നാല്‍ സഭാന്തരീക്ഷം കലുഷിതമായതിനെത്തുടര്‍ന്ന് സുരേഷ് മെഹ്ത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ദേഗഗൗഡ മുന്നിട്ടിറങ്ങി. സുരേഷ് മെഹ്ത സര്‍ക്കാരിനെ പിരിച്ചുവിട്ടു കൊണ്ട് അന്നത്തെ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാരിന് ഭരണം നഷ്ടമായതിനൊപ്പം വാജുഭായിയുടെ സ്ഥാനവും തെറിച്ചു.

ഇത്തവണത്തെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉടനീളം ജനതാദളിനോട് മൃദുസമീപനമാണ് ബിജെപി സ്വീകരിച്ചത്. ജനതാദളിന് 38 സീറ്റ് ലഭിക്കാന്‍ കാരണവും ഇതുതന്നെ. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയ ദളിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വച്ചു നീട്ടിയതോടെ കാര്യങ്ങള്‍ നേരെ തിരിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം എന്ന വാഗ്ദാനം ലഭിച്ചതോടെ കുമാരസ്വാമി മലക്കം മറിഞ്ഞു. പഴയ സംഭവത്തിന് പകരം വീട്ടാന്‍ പറ്റിയ തക്കം ഇതുതന്നെയെന്ന് ഗവര്‍ണര്‍ കരുതിയതായി പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. മോദിയുടെ ഗുജറാത്ത് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നതും തീരുമാനം ബിജെപിയ്ക്ക് അനുകൂലമാക്കിയെന്നും വിലയിരുത്തപ്പെടുന്നു.

Related posts