ഒടുവില്‍ ക്രൈംബ്രാഞ്ചും കൈയ്യൊഴിഞ്ഞു ! ജെസ്‌നക്കേസില്‍ ഇന്നേവരെ ഒരു തുമ്പും കിട്ടിയിട്ടില്ല; പോലീസ് ചില നിര്‍ണായക സൂചനകള്‍ വിട്ടുകളഞ്ഞതായി ക്രൈം ബ്രാഞ്ച്

മുക്കൂട്ടുതറയില്‍നിന്ന് 17 മാസം മുമ്പു കാണാതായ ജെസ്ന മരിയ ജെയിംസിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിക്കുന്നു ! ജെസ്‌നയിലേക്ക് നയിക്കുന്ന ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പായുക മാത്രമാണ് പോലീസ് ചെയ്തതെന്നുമാണ് ക്രൈംബ്രാഞ്ച് ഭാഷ്യം. 2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജ് വിദ്യാര്‍ഥിനി ജെസ്നയെ കാണാതായത്.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുഹമ്മദ് കബീര്‍ റാവുത്തറുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബംഗളുരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എവിടെയോ ജെസ്നയുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. പ്രദേശത്തു ചായക്കട നടത്തുന്ന മലയാളി മൊെബെല്‍ ഫോണില്‍ പകര്‍ത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു വീഡിയോ ദൃശ്യം പ്രചരിക്കുകയും ചെയ്തു. എന്നാല്‍, അതിന്റെ തുമ്പു തേടിപ്പോയ ക്രൈംബ്രാഞ്ചിനും നിരാശയായിരുന്നു ഫലം. ദൃശ്യത്തിലുള്ള പെണ്‍കുട്ടി ജെസ്നയായിരുന്നില്ല.

തുടക്കത്തില്‍ അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന്റെ പാളിച്ചയാണ് ലഭിക്കാവുന്ന തുമ്പുകള്‍ പോലും ഇല്ലാതാക്കിയതെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജെസ്നയുടെ സഹപാഠിയായ യുവാവിനെമാത്രമാണു പോലീസ് സംശയിച്ചത്. ജെസ്നയുടെ പിതാവും സഹോദരനുമെല്ലാം യുവാവിനു നേരെയാണു വിരല്‍ ചൂണ്ടിയത്. എന്നാല്‍, അയാളുമായി ജെസ്നയ്ക്കു സൗഹൃദംമാത്രമാണുണ്ടായിരുന്നതെന്നു പോലീസ് പിന്നീടു സ്ഥിരീകരിച്ചു. യുവാവിനു പിന്നാലെ പാഞ്ഞു സമയം കളഞ്ഞ പോലീസ പല നിര്‍ണായക സൂചനകളും വിട്ടുകളഞ്ഞു. സി.സി. ടിവി ദൃശ്യങ്ങള്‍, മൊെബെല്‍ ഫോണ്‍ കോളുകള്‍ തുടങ്ങി അന്നു ശേഖരിക്കേണ്ട തെളിവുകള്‍ പലതും പിന്നീടു ലഭിക്കാതെപോയതായും ക്രൈംബ്രാഞ്ച് പറയുന്നു.

ബന്ധുക്കളുടെ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. ജെസ്നയുടേതു തന്നെയെന്നു പോലീസ് ഉറപ്പിച്ച ഒരു വീഡിയോ ദൃശ്യം മറ്റാരുടേതോ ആയിരുന്നു. ഒരു സ്വകാര്യബസിന്റെ മുന്‍സീറ്റിലിരുന്നു യാത്രചെയ്യുന്ന പെണ്‍കുട്ടി ജെസ്നയായിരുന്നെന്നാണു ബന്ധുക്കളും സഹപാഠികളും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിക്കൊപ്പമിരുന്ന യാത്രക്കാരി, ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ കണ്ടെത്തി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അതു ജെസ്നയല്ലെന്നു സ്ഥിരീകരിച്ചു. വീട്ടില്‍നിന്നു ദൂരസ്ഥലങ്ങളിലേക്കു തനിയെ പോകുന്ന സ്വഭാവം ജെസ്നയ്ക്കില്ലായിരുന്നു.

കോളജിലേക്കു പോയിരുന്നതു സഹോദരനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ ജെസ്നയുടെ തിരോധാനത്തിനു പിന്നില്‍ ബാഹ്യഇടപെടലുണ്ടെന്നു ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ജെസ്ന ജീവിച്ചിരിപ്പുണ്ടെങ്കില്‍ത്തന്നെ മൊബൈല്‍ ഫോണും സാമൂഹികമാധ്യമങ്ങളുമൊന്നും ഉപയോഗിക്കുന്നില്ല. ഇതാണ് അന്വേഷണത്തിനുള്ള ഏറ്റവും വലിയ തടസമെന്നു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തര്‍ പറഞ്ഞു.സംഭവത്തില്‍ ക്രൈംബ്രാഞ്ചും കൈമലര്‍ത്തിയതോടെ ജെസ്‌നക്കേസ് എങ്ങുമെത്താതെ പോകുമോയെന്നാണ് ഏവരുടെയും ആശങ്ക.

Related posts