പാട്ടെഴുത്ത് എന്റെ തൊഴിലാണ്, ആ ജോലി ചെയ്തു, അതിന് കാശും വാങ്ങി, അതിനപ്പുറം അതിലൊന്നുമില്ല! കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയ്ക്കുവേണ്ടി പാട്ടെഴുതി വിവാദത്തിലായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പറയുന്നു

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പഞ്ഞമില്ലാത്ത നാടാണ് കേരളം. പ്രത്യേകിച്ച് രാഷ്ടീയരംഗത്ത്. ഒന്നിന് പുറകേ ഒന്നായി അത് വന്നുകൊണ്ടിരിക്കും. പരസ്പരം പാര പണിയാനാണ് അത് കൂടുതലും ഉപയോഗിക്കുന്നതും. വയലാര്‍ രാമവര്‍മയുടെ മകന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ഇപ്പോള്‍ വിവാദങ്ങളുടെ പിടിയില്‍ പെട്ടിരിക്കുന്നത്. വിപ്ലവ കവിതകളെഴുതി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്നും ആവേശം നല്‍കിയ വയലാര്‍ രാമവര്‍മയുടെ മകന്‍ ശരത് ചന്ദ്രവര്‍മയും ‘ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം’, എന്ന കേരളം നെഞ്ചോടേറ്റിയ വിപ്ലവ ഗാനമെഴുതിയ അനില്‍ പനച്ചൂരാനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് വേണ്ടി പാട്ടെഴുതിയെന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

എന്നാല്‍ പാട്ട് ചെയ്തുകൊടുത്തു എന്നതുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ മാറിയിട്ടില്ലെന്നാണ് വിവാദം സംബന്ധിച്ച് ഇരുവരുടെയും പ്രതികരണം. വയലാറിന്റെ മകന്‍ ബിജെപിക്ക് വേണ്ടി പാട്ടെഴുതി എന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു. പാട്ടെഴുത്ത് എന്റെ തൊഴിലാണ്. ആ ജോലി ചെയ്തു. അതിന് കാശും വാങ്ങി. അതിനപ്പുറം അതിലൊന്നുമില്ല. -അദ്ദേഹം വ്യക്തമാക്കി. തനിക്ക് പ്രത്യക്ഷരാഷ്ട്രീയം ഇല്ലെന്നും ഉള്ള നിലപാടുകള്‍ മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഥയുടെ മാര്‍ച്ചിംഗ് സോംഗാണ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയത്. തന്റെ കവിത ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏതെങ്കിലും പക്ഷത്തോട് യോജിപ്പുണ്ടെങ്കില്‍ അത് ഇടതുപക്ഷമാണെന്നും പനച്ചൂരാന്‍ വ്യക്തമാക്കി.

 

Related posts