കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് കർശന നിയന്ത്രണങ്ങളോടെ നടത്തുന്നതിനു ഹൈക്കോടതി അനുമതി നൽകി. നാളെയും മറ്റന്നാളുമായി നടക്കുന്ന വെടിക്കെട്ടിന് ഉപയോഗിക്കേണ്ട വെടിക്കോപ്പുകളുടെ എണ്ണം കൃത്യമായി നിർണയിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്. കളക്ടർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ വെടിക്കെട്ടിന് ഒരു ദിവസം മുന്പ് തന്നെ വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ ചുമതല ഏറ്റെടുക്കണമെന്നു കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. വെടിക്കെട്ട് ഈ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടത്തണം. വെടിക്കെട്ട് നടത്താൻ പരമാവധി 20 പേരടങ്ങുന്ന സംഘത്തെ മാത്രമേ അനുവദിക്കാവൂ. ഇവർക്കായി തിരിച്ചറിയൽ കാർഡ് നൽകണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി മതിയായ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഉറപ്പാക്കണം.
വെടിക്കെട്ടു നടത്താൻ ചുമതലപ്പെടുത്തിയ 20 പേരും പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമല്ലാതെ ഒരാളെയും വെടിക്കെട്ടു നടത്തുന്ന പ്രദേശത്ത് പ്രവേശിപ്പിക്കരുത്. സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ജില്ലാ ഭരണകൂടം ഉത്സവത്തിനുശേഷം റിപ്പോർട്ട് നൽകണം.
മരട് വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരേ വടക്കേ ചേരുവാരം പ്രസിഡന്റ് എം.ആർ. ജയകാന്ത ഭട്ട്, തെക്കേ ചേരുവാരം പ്രസിഡന്റ് സതീഷ് ബാബു തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന വെടിക്കോപ്പുകളുടെ എണ്ണം വ്യക്തമാക്കി സംഘാടകർ നൽകിയ ലിസ്റ്റ് ഹൈക്കോടതി അനുവദിച്ചില്ല.
കതിന-501, ഓലപ്പടക്കം-15,000, ശബ്ദം കുറഞ്ഞ വർണാഭമായ അമിട്ട് -150 എന്നിങ്ങനെയാണ് എണ്ണം. ഹൈക്കോടതി നിർദേശം അനുസരിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.