പ്രളയത്തില്‍ വാഹനരേഖകള്‍ നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത് ഇതൊക്കെ

സംസ്ഥാനത്ത് പ്രളയത്തില്‍ നഷ്ടപ്പെട്ട വാഹനരേഖകള്‍ ഉടമകള്‍ക്ക് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങി. വീട് പ്രളയം ബാധിച്ചെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവുമായി ആര്‍ടിഒ ഓഫീസിനെ സമീപിച്ചാല്‍ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് തിരികെ ലഭിക്കും.

പ്രളയത്തെ തുടര്‍ന്ന് പതിനായിരങ്ങള്‍ക്കാണ് രേഖകളെല്ലാം നഷ്ടപ്പെട്ടത്. ഇവ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിത മേഖലകളിലെ ആര്‍ടിഒ ഓഫീസുകള്‍ ഇതിനായി പ്രത്യേകം സജ്ജമായി കഴിഞ്ഞു. ലൈസന്‍സ്, ആര്‍സി ബുക്ക് തുടങ്ങി നഷ്ടപ്പെട്ട വാഹനരേഖകളുടെ പകര്‍പ്പ് തുടങ്ങിയവ സൗജന്യമായി സ്വന്തമാക്കാം.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നോ ഇ സേവാ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, അപേക്ഷ ഫോം ലഭിക്കും. വീട് പ്രളയബാധിത പ്രദേശത്താണെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അപേക്ഷക്കൊപ്പം നല്‍കണം. അപേക്ഷയില്‍ മറ്റ് തടസ്സങ്ങളില്ലെങ്കില്‍ അന്ന് തന്നെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് സ്വന്തമാക്കാം.

ലഭിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട യഥാര്‍ത്ഥ രേഖകള്‍ പോലെ തന്നെ ഭാവിയിലേക്ക് ഉപയോഗിക്കാം. രേഖകള്‍ നഷ്ടപ്പെട്ടവര്‍ ഉടനടി ആര്‍ടിഒ ഓഫീസിനെ സമീപിക്കണമെന്നുമില്ല. തിരക്ക് കുറഞ്ഞ് ശേഷം എപ്പോള്‍ എത്തിയാലും രേഖകള്‍ ലഭിക്കും. പ്രളയകാലത്താണ് രേഖകള്‍ നഷ്ടപ്പെട്ടതെന്ന് തെളിയിച്ചാല്‍ മാത്രം മതി.

Related posts