വെറുതെ ഹോണ്‍ അടിക്കല്ലേ! അത് നിങ്ങളുടെ കോള്‍വിക്ക് തകരാറുണ്ടായേക്കാം

vehicle_horn1കൊച്ചി: വാഹനം ഓടിക്കുമ്പോഴോ, ട്രാഫിക് സിഗ്നലുകളിലും ബ്ലോക്കുകളിലും കിടക്കുമ്പോഴോ അനാവശ്യമായി ഹോണ്‍ അടിക്കാറുണ്ടോ..? എങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ നിങ്ങളുടെയും മറ്റുള്ളവരുടെയും കേള്‍വിശക്തി തകരാറിലാക്കുകയാണ്. ശബ്ദമലിനീകരണത്തെക്കുറിച്ചു പഠനം നടത്തിയ വിദഗ്ധരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഹോണുകള്‍ 92 മുതല്‍ 94 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്നവയാണെന്നു കൊച്ചിന്‍ ഹോസ്പിറ്റലിലെ ഡോ. ഏബ്രഹാം കെ. പോള്‍ പറയുന്നു. കാറുകളിലേത് 83 മുതല്‍ 88 ഡെസിബല്‍ വരെ ശബ്ദവും ഇരുചക്രവാഹനങ്ങളിലേത് 81 മുതല്‍ 85 വരെ ഡെസിബല്‍ ശബ്ദവും പുറപ്പെടുവിക്കുന്നു. 75 ഡെസിബലിലധികം തീവ്രതയുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നതു താല്‍ക്കാലികമോ സ്ഥിരമോ ആയ കേള്‍വിക്കുറവിനു കാരണമാകും.

വാണിജ്യകേന്ദ്രങ്ങളില്‍ സാധാരണയായി 65 ഡെസിബല്‍ വരെയാണു ശബ്ദമുണ്ടാകുന്നത്. എന്നാല്‍ എറണാകുളം നഗരത്തില്‍ രണ്ടുതവണ നടത്തിയ പരിശോധനകളിലും 93 ഡെസിബലില്‍ അധികമായിരുന്നു ശബ്ദം. അനാവശ്യമായി ഹോണ്‍ മുഴക്കുന്നതാണ് ഇതിനു പ്രധാന കാരണമെന്ന് ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. വി.ഡി. പ്രദീപ് കുമാര്‍ പറയുന്നു.

ട്രാഫിക് പോലീസുകാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, കച്ചവടക്കാര്‍, പെതുവഴിയോടു ചേര്‍ന്നു വീടുള്ളവര്‍, സ്ഥിരമായി യാത്ര ചെയ്യുന്നവര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വലിയൊരു വിഭാഗം ജനങ്ങളെയും ശബ്ദമലിനീകരണം ഗുരുതരമായി ബാധിക്കുന്നു. നഗരവാസികള്‍ക്കു ശബ്ദമലിനീകരണം മൂലം 10-12 വര്‍ഷത്തിനുള്ളില്‍ കേള്‍വി തകരാറുണ്ടായേക്കാം.

നഗരപ്രദേശങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ശ്രദ്ധകുറഞ്ഞു പഠനനിലവാരം കുറയുന്നതിനു ഹോണുകളുടെ അമിതശബ്ദം കാരണമാകും. ശബ്ദമലിനീകരണം ഗര്‍ഭസ്ഥശിശുക്കളുടെ വളര്‍ച്ചക്കുറവിനിടയാക്കും. പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടും. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതു മൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആസ്തമ രോഗികള്‍ക്ക് അസ്വസ്ഥത, തലകറക്കം, അലര്‍ജി എന്നിവയ്ക്കും കാരണമാകും.

ട്രാഫിക് സിഗ്നലില്‍ കിടക്കുന്ന ബസ്, പച്ച സിഗ്നല്‍ തെളിഞ്ഞാല്‍ കുറഞ്ഞതു 10 തവണ തുടര്‍ച്ചയായി ഹോണ്‍ മുഴക്കാറുണ്ട്. ഇതേക്കുറിച്ചു ബസ് ഡ്രൈവര്‍മാരുമായി സംസാരിച്ചപ്പോള്‍ ഹോണ്‍ അടിച്ചില്ലെങ്കില്‍ മുന്നില്‍ കിടക്കുന്ന വാഹനം എടുക്കാന്‍ താമസിക്കുമെന്നായിരുന്നു മറുപടി. നഗരത്തില്‍ ഓടുന്ന ചില ബസുകളില്‍ കമ്പനികളില്‍നിന്നു ഘടിപ്പിക്കുന്ന ഹോണുകള്‍ക്കു പുറമേ ഹൈ ഡെസിബല്‍ ഇലക്ട്രിക് ഹോണുകള്‍ ഘടിപ്പിക്കാറുണ്ട്. ഇതു കേള്‍വിശക്തിയെ ഗുരുതരമായി ബാധിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കഴിഞ്ഞ ഓഗസ്റ്റില്‍ കൊച്ചി നഗരത്തില്‍ നടത്തിയ പഠനത്തില്‍ ഏറ്റവും അധികം ശബ്ദമലിനീകരണം ഉണ്ടാകുന്നതു പനമ്പിള്ളി നഗറിലാണ്. 91 മുതല്‍ 92 ഡെസിബല്‍ വരെയാണ് അവിടെ ശബ്ദമലിനീകരണം. 2008ല്‍ ഐഎംഎ നടത്തിയ പഠനത്തില്‍ കൂടുതല്‍ ശബ്ദമലിനീകരണം  രേഖപ്പെടുത്തിയതു പള്ളിമുക്കിലായിരുന്നു.

വാഹനങ്ങളില്‍ അനാവശ്യ ഹോണ്‍ മുഴക്കുന്നതും പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതും വ്യവസായ സ്ഥാപനങ്ങളിലെ അനിയന്ത്രിത ശബ്ദമലിനീകരണവും ആഘോഷപരിപാടികളിലും പൊതുയോഗങ്ങളിലും ലൗഡ്‌സ്പീക്കറുകള്‍ ഉച്ചത്തില്‍ ഉപയോഗിക്കുന്നതും സംബന്ധിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായ രൂപീകരണം ആവശ്യമാണെന്ന് ഐഎംഎ ഭാരവാഹികള്‍ പറയുന്നു.

നോ ഹോണ്‍ ദിനാചരണം നാളെ

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ശാഖയുടെ ആഭിമുഖ്യത്തില്‍ നാളെ നഗരത്തില്‍ നോ ഹോണ്‍ ദിനാചരണം നടത്തും. വാഹനങ്ങളില്‍ ഹോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് ശബ്ദമലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നത്.

Related posts