ചങ്ങനാശേരി: സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എസ്എൻഡിപി – എൻഎസ്എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യത്തിന് എൻഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ഇനി എസ്എൻഡിപിയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
മുൻപ് സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമാണ് ഐക്യത്തിന് തടസമായതെന്നും എന്നാൽ ഇപ്പോൾ അത്തരം തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച സുകുമാരൻ നായർ, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
എൻഎസ്എസിന് പാർലമെന്ററി മോഹം ഇല്ല. ഞാനൊരിക്കലും മുസ്ലീം വിരോധിയല്ല. ലീഗിനെതിരെ പറഞ്ഞാൽ അത് മുസ്ലിങ്ങൾക്കെതിരെ പറയുന്നതായി വ്യാഖ്യാനിക്കേണ്ടതില്ല. ലീഗ് എന്നാൽ മുഴുവൻ മുസ്ലിം അല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്നാൽ മുൻപ് ഐക്യനീക്കം തടഞ്ഞത് മുസ്ലീം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം സുകുമാരൻ നായർ തള്ളി.
