വീട്ടിലെ വയറുകള്‍ പോറ്റാന്‍ വേണ്ടി അന്യനാട്ടുകളില്‍ ശരീരം വില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം ഏറിവരുന്നു ! രാജ്യത്തെ അഞ്ചില്‍ നാലുപേരും പട്ടിണിയില്‍; വെനസ്വേലയിലെ അവസ്ഥ സോമാലിയയിലേതിനേക്കാള്‍ കഷ്ടം…

ഒരു കാലത്ത് അമേരിക്കയെവരെ വെല്ലുവിളിച്ചു കൊണ്ട് എണ്ണപ്പണത്തിന്റെ ബലത്തില്‍ സമ്പന്നതയിലേക്ക് കുതിച്ചുയര്‍ന്ന രാജ്യമായിരുന്നു വെനസ്വേല. അന്ന് അവരെ നയിക്കാന്‍ ഹ്യൂഗോ ഷാവേസ് എന്ന കരുത്തനായ നേതാവുണ്ടായിരുന്നു. എന്നാല്‍ ഷാവേസിന്റെ മരണത്തോടെ അക്ഷരാര്‍ഥത്തില്‍ രാജ്യം തകര്‍ന്നടിഞ്ഞു എന്നു വേണം പറയാന്‍. ഇന്ന് വെനസ്വേലയിലെ അഞ്ചില്‍ നാലുപേരും പട്ടിണിയാണ്.ജനാധിപത്യത്തെ അട്ടിമറിച്ച് മഡൂറോ വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഇനിയൊരു തിരിച്ചു വരവ് വെനസ്വേലയ്ക്ക് ഉണ്ടാകില്ലെന്നു തന്നെയാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍.

ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയാകരുത് എന്നതിന് നേര്‍സാക്ഷ്യമായിരുന്നു മഡൂറോയെന്ന് വിമര്‍ശകര്‍ പറയുന്നു. കുടുംബം പുലര്‍ത്താനായി അയല്‍നാടുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. നാടുകടക്കുന്നവരില്‍ അധ്യാപികമാര്‍. പൊലീസുകാരികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നുമുള്ളവരുമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷം മുന്‍പ് എണ്ണവില ഇടിഞ്ഞതോടെയാണ് രാജ്യത്തിന്റെ ശനിദശയും തുടങ്ങിയത്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്റെ പൊട്ടിയ ഷൂ തുന്നിച്ചതിന് ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവറായിരുന്നു. അതായത് അദ്ദേഹത്തിന്റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്. 2017 ലാണ് സാമ്പത്തിക പ്രതിന്ധിയില്‍ നിന്ന് കരകയറാന്‍ പുതിയ പദ്ധതിയുമായി നിക്കോളാസ് മഡൂറോ രംഗത്തെത്തിയത്.

പ്രതിസന്ധി മറികടക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി നയം നടപ്പാക്കിയത് സാമ്പത്തിക രംഗത്ത് മഡൂറോ അടിച്ച അവസാനത്തെ ആണിയായിരുന്നു. മാത്രമല്ല എണ്ണ, ഗ്യാസ്, സ്വര്‍ണം, ഡയമണ്ട് ശേഖരം എന്നിവയുടെ പെട്രോകൗണ്ടന്‍ റേറ്റ് പിന്‍വലിക്കുകയും ചെയ്തു. ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുന്നതോടെ വെനസ്വേലയ്ക്ക് ധനപരമായ പരമാധികാരം ഉറപ്പിക്കാന്‍ കഴിയുമെന്നും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സഹായിക്കുമെന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റായ മഡൂറോ വിശ്വസിച്ചു.

വെര്‍ച്വല്‍ കറന്‍സികള്‍, ജനപ്രിയവും സുന്ദരവുമാണെങ്കിലും ഒരു സര്‍ക്കാറും നിയമപരമായി ഈ സമ്പ്രദായത്തെ പിന്തുണക്കുന്നില്ല. പ്രതിപക്ഷത്തിന്റെ മുറവിളി മഡൂറോ തെല്ലും വകവച്ചു കൊടുത്തതുമില്ല. നോട്ടുനിരോധനം വെനസ്വേലയുടെ നട്ടെല്ലാണ് ഒടിച്ചത്. 1999 ഹ്യൂഗോ ഷാവേസ് പ്രസിഡന്റ് പദവിയില്‍ എത്തിയതോടെ എണ്ണ കയറ്റുമതിയില്‍ രാജ്യത്തു കുമിഞ്ഞു കൂടുന്ന വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി പൂര്‍ണമായി ഉപയോഗിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. നിസ്വാര്‍ത്ഥമായ ജനക്ഷേമത്തിനായിരുന്നു ഊന്നല്‍. ഷാവേസ് ഭരണത്തില്‍ 2010 വരെയുള്ള കാലയളവില്‍ വെനസ്വേല വന്‍ വളര്‍ച്ചയുടെ പാതയിലായിരുന്നു.

എന്നാല്‍ 2010 അവസാനത്തോടെ ഷാവേസിന്റെ ചില നയങ്ങള്‍ പാളിയതോടെ രാജ്യം വന്‍ തിരിച്ചടി നേരിട്ടു. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു. ഷാവേസിനു ശേഷം ഷാവേസിന്റെ ഏഴയലത്തുപോലും ജനപിന്തുണയില്ലാത്ത മഡൂറോ വന്നതോടെ വെനസ്വേലയുടെ പതനം പൂര്‍ണമായി. ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത.

Related posts