കുറഞ്ഞ കൂലി 30000 ശതമാനം കൂട്ടിയിട്ടും വെനസ്വലക്കാരുടെ ബുദ്ധിമുട്ട് തീരുന്നില്ല ! ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ അടിസ്ഥാന ശമ്പളം വെറും 50 പൈസ; ആളുകള്‍ ബ്രസീലിലേക്ക് കൂട്ടപ്പാലായനം ചെയ്യുന്നു

കടുത്ത സാമ്പത്തിക ദുരവസ്ഥയിലൂടെ കടന്നു പോകുന്ന വെനസ്വലയില്‍ നടപ്പിലാക്കിയ പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം കുറഞ്ഞ ശമ്പളം 30000 ഇരട്ടിയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇതൊന്നും വെനസ്വലന്‍ ജനതയെ സന്തോഷിപ്പിക്കുന്നില്ല.

ഒരു കിലോ ഇറച്ചി വാങ്ങാന്‍ പോലും ഇത് തികയില്ലെന്നതു തന്നെ കാരണം. ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആളുകള്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് കൂട്ടപ്പാലായനം നടത്തുകയാണ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം രാജ്യത്തെ സാമ്പത്തിക നിലയെ വീണ്ടും വീണ്ടും തകര്‍ക്കുകയാണ്.

രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുതന്നെ കഴിഞ്ഞയാഴ്ച വന്നു. തിങ്കളാഴ്ച മുതല്‍ സോവറിന്‍ ബൊളീവര്‍ എന്ന പുതിയ കറന്‍സി കൂടി അവതരിപ്പിച്ചതോടെ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി. പുതിയ നിരക്ക് പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 സോവറിന്‍ ബൊളിവര്‍ ആണ്.

ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2014-ല്‍ എണ്ണവില ശക്തമായി ഇടിഞ്ഞത് മുതലാണ് എണ്ണയെ ആശ്രയിച്ചിരുന്ന രാജ്യത്തിന്റെ വരുമാന മാര്‍ഗ്ഗം അടഞ്ഞത്. സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാന്‍ വെനസ്വേല കൂടുതല്‍ എണ്ണയുല്‍പ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്.

എന്നാല്‍ 2013ല്‍ല്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തിയ മദുറോ, വിദേശകറന്‍സി വിനിമയം ഏറ്റെടുത്തതോടെ വെനസ്വലന്‍ ബൊളിവറിന്റെ തകര്‍ച്ച തുടങ്ങി. വിദേശ കറന്‍സിയുടെ വിനിമയം സര്‍ക്കാര്‍ ഏജന്‍സി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറന്‍സിയും ഡോളറും തമ്മില്‍ മാറുന്നതിന് ആള്‍ക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു.

സര്‍ക്കാര്‍ ഏജന്‍സിയെ ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകള്‍ മാറാന്‍ കാരണം കാണിക്കണമെന്നായി. അതിന് പുറമേ ഡോളറിന് സര്‍ക്കാര്‍ വയ്ക്കുന്ന നിര്‍ബ്ബന്ധിത നിരക്കും പ്രശ്നമായി.

കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് കിട്ടുന്ന വിദേശപണം ബൊളീവറായി മാറിയെടുത്താല്‍ സര്‍ക്കാര്‍ വെച്ചിരിക്കുന്ന നിര്‍ബ്ബന്ധിത നിരക്കേ കിട്ടു എന്നായതോടെ സ്വതന്ത്രമായി ഡോളര്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥ വരികയും കരിഞ്ചന്ത വ്യാപകമാകുകയും നാണ്യപ്പെരുപ്പത്തിന് കാരണമാകുകയും ചെയ്തു. നിക്ഷേപകരും വെനസ്വേലയില്‍ നിന്നും കയ്യെടുക്കുക കൂടി ചെയ്തതോടെ സ്വന്തമായി പണം അടിക്കേണ്ട സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കി.

ആഭ്യന്തര കറന്‍സിയുടെ വിലയിടിഞ്ഞ് പണപ്പെരുപ്പം വീണ്ടും കൂടി. സോവറിന്‍ ബൊളീവര്‍ എന്നാണ് പുതിയ വെനസ്വേല കറന്‍സിയുടെ പേര്. നേരത്തേ ഉണ്ടായിരുന്നത് സ്ട്രോംഗ് ബൊളീവറായിരുന്നു. രാജ്യത്തെ ഇലക്ട്രോണിക് കറന്‍സിയായ പെട്രോയ്ക്ക് 60 ഡോളറാണ് മൂല്യം. എന്തായാലും രാജ്യം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

Related posts