വേങ്ങരയില്‍ ജയിച്ചെങ്കിലും തിരിച്ചടി യുഡിഎഫിന് തന്നെ, പരമ്പരാഗത വോട്ടു ബാങ്ക് കൈവിട്ടു, എസ്ഡിപിഐയുടെ വളര്‍ച്ച മുസ്‌ലീം ലീഗിന് തിരിച്ചടിയാകും, എല്‍ഡിഎഫിന് ആശ്വസിക്കാനേറെ, ബിജെപിക്കും തിരിച്ചടി

വേങ്ങരയിലെ ചിത്രം തെളിഞ്ഞു. പ്രതീക്ഷിച്ചതുപോലെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ ജയിച്ചെങ്കിലും ഭൂരിപക്ഷത്തിലെ വന്‍കുറവ് യുഡിഎഫിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞതവണ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടുകളുടെ കുറവാണ് ഖാദറിന്. 23310 വോട്ടിന്റെ ജയം നേടിയെങ്കിലും രാഷ്ട്രീയ ചിത്രത്തില്‍ ഒരുപടി മുന്നില്‍ എല്‍ഡിഎഫ് എന്നു തന്നെ പറയാം. അതേസമയം, കഴിഞ്ഞതവണ 7005 വോട്ടുണ്ടായിരുന്ന ബിജെപിക്കും തിരിച്ചടി കിട്ടി. ഇത്തവണ ജനചന്ദ്രന്‍ മാസ്റ്ററുടെ പെട്ടിയില്‍ വീണത് വെറും 5728 വോട്ട് മാത്രം. എസ്ഡിപിഐയാണ് നേട്ടമുണ്ടാക്കിയവരില്‍ മറ്റൊരുകൂട്ടര്‍. ഇരട്ടി വോട്ടുകളുമായി 8648 വോട്ടുകള്‍.

ലീഗിന്റെ പല ശക്തികേന്ദ്രങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞു. ലീഗിന്റെ സ്വാധീനമേഖലയായ എആര്‍ നഗറില്‍ ഖാദറിന്‍െ ഭൂരിപക്ഷം കുത്തനെകുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 6788 വോട്ടുകള്‍ക്കുമേല്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ ഖാദറിന് 3000 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ കണ്ണമംഗലം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. ഖാദറിനു പിന്നിലായി ഇടത് സ്ഥാനാര്‍ഥി പി.പി. ബഷീറാണ്. ബിജെപി സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്. ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.

Related posts