‘ഇതാണയാള്‍’ എന്ന് സാക്ഷാല്‍ അജ്മല്‍ കസബിനു നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ദേവികയ്ക്ക് വെറും പത്തു വയസ് ! ഐപിഎസ് നേടണമെന്ന ആഗ്രഹവുമായി ബാന്ദ്രയിലെ ആ ഒറ്റമുറി വീട്ടില്‍ കഴിയുന്ന ദേവിക നട്‌വര്‍ലാലിന്റെ കഥ

കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് വിജയം കൈവരിച്ച നിരവധി വനിതകള്‍ നമുക്കു മുമ്പിലുണ്ട്. ആ പാതയിലൂടെയാണ് ദേവിക നട്‌വര്‍ലാലിന്റെയും പ്രയാണം. ക്രച്ചസിന്റെ സഹായത്തോടെ കോടതിയുടെ പടി കയറി സാക്ഷിക്കൂട്ടില്‍നിന്ന് ‘ഇതാണയാള്‍’ എന്നു സാക്ഷാല്‍ അജ്മല്‍ കസബിനു നേരേ വിരല്‍ ചൂണ്ടുമ്പോള്‍ ദേവിക നട്വര്‍ലാല്‍ റോട്ടോവാന് 10 വയസ് തികഞ്ഞിരുന്നില്ല.

ചിലപ്പോഴൊക്കെ ദേവിക മുംബൈ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പോയി നില്‍ക്കാറുണ്ട്. വലതുകാലില്‍ മുറിവുണങ്ങിയ പാടിലൂടെ വേദന അരിച്ചുകയറുന്നതായി തോന്നും. ‘കസബിന്റെ മകള്‍’ എന്നു പരിഹസിച്ച് സഹപാഠികളും ബന്ധുക്കളും ഒറ്റപ്പെടുത്തിയതിന്റെ വേദന തികട്ടിവരും. ഉടന്‍ തന്നെ ഐപിഎസ് നേടണമെന്ന ദൃഢനിശ്ചയം മനസില്‍ വരും. ബാന്ദ്രയിലെ ഒറ്റമുറി വീട്ടിലെ ദാരിദ്ര്യം മറക്കും. ഭീകരവാദത്തിന്റെ വേരറുക്കാനുള്ള കരളുറപ്പുമായി മടങ്ങും.

പുനെയില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠനെ കാണാനുള്ള യാത്രയിലാണു ദേവിക 2008 നവംബര്‍ 26-ന് സി.എസ്.ടി. റെയില്‍വേ സ്റ്റേഷനില്‍ ചെന്നത്. വെടിയൊച്ച കേട്ട് ഓടിത്തുടങ്ങിയപ്പോഴേക്കും ഒരു വെടിയുണ്ട വലതുകാലില്‍ തറച്ചു. ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷമാണു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗത്തിന്റെ നിര്‍ദേശാനുസരണം കസബിനെതിരേ സാക്ഷിമൊഴി നല്‍കാന്‍ കോടതിയില്‍ ചെന്നത്. സാക്ഷിമൊഴി നല്‍കാനായുള്ള ദേവികയുടെ യാത്ര ടിവി ചാനലുകളിലൂടെ ലോകം കണ്ടു. ഏറെപ്പേര്‍ മനസാ അഭിനന്ദിച്ചു.

പക്ഷേ, പിന്നീടു സ്‌കൂളിലേക്കുള്ള യാത്ര കയ്പേറിയതായിരുന്നു. കസബിന്റെ മകളെന്നു വിളിച്ച് സഹപാഠികള്‍ കളിയാക്കി. ഭീകരന് എതിരേ മൊഴി കൊടുത്ത അവളെ ഒറ്റപ്പെടുത്തി. ഒടുവില്‍ സ്‌കൂള്‍ മാറേണ്ടിവന്നു. ഭീകരരെ ഭയന്ന് ബന്ധുക്കളും അയല്‍ക്കാരും അകറ്റിനിര്‍ത്തി. വിചാരണ കഴിയുന്നതുവരെ ഭീഷണി സന്ദേശങ്ങള്‍ പതിവായിരുന്നു.നല്ലൊരു വീടും മറ്റും ചിലര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും കിട്ടിയില്ലെന്നും ഒറ്റ മുറിയുള്ള കുടുസുവീട്ടിലിരുന്ന് ദേവികയുടെ പിതാവ് നട്വര്‍ലാല്‍ പറഞ്ഞു. ഒരു ടിവിയും കട്ടിലുമാണു വീട്ടിലെ ആഡംബരങ്ങള്‍.

കസബിനെ തൂക്കിലേറ്റിയതു ദേവികയെ സന്തോഷിപ്പിച്ചു. പക്ഷെ ഒരു ഭീകരനെ തൂക്കിലേറ്റിയതുകൊണ്ടായില്ല, ഭീകരവാദത്തെയാകെ തകര്‍ത്തെറിയണം. അതിനു വേണ്ടി, ഐ.പി.എസ്. സ്വപ്നം കണ്ടാണു ദേവിക ഇപ്പോള്‍ 11-ാം ക്ലാസിലെ അര്‍ധവാര്‍ഷിക പരീക്ഷയ്ക്കു തയാറെടുക്കുന്നത്. അതിനു കൂടുതല്‍ ഊര്‍ജം വേണമെന്നു തോന്നുമ്പോള്‍ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചെന്നു കണ്ണടച്ചുനില്‍ക്കുമെന്ന് ദേവിക പറയുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാവുകയാണ് ദേവികയുടെ ജീവിതകഥ.

Related posts