മികച്ച സബ് കളക്ടര്‍ പുരസ്‌കാരം വരെ ലഭിച്ചിട്ടുള്ള ജീവന്‍ ബാബു ഇനി സ്വന്തം നാട്ടില്‍, നാട്ടുകാരുടെ ഇടയില്‍ അവരുടെ സ്വന്തം കളക്ടറായി ജീവിക്കും! അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത് ഇടുക്കി ജില്ലക്കാര്‍ക്ക്

സ്വന്തം നാട്ടില്‍, നാട്ടുകാരുടെ ഇടയില്‍ അവരുടെ കളക്ടറായി എത്തുക എന്നത് അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ്. അതുപോലെ തന്നെ എല്ലാ നാട്ടുകാരും ആഗ്രഹിക്കും സ്വന്തം നാട്ടുകാരന്‍ തന്നെയായ ആരെങ്കിലും തങ്ങളുടെ കളക്ടറായി എത്തിയിരുന്നെങ്കില്‍ എന്ന്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായഭാഗ്യമാണ് ഇപ്പോള്‍ ഇടുക്കിക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. സ്വന്തം നാട്ടുകാരനെ തന്നെ കളക്ടറായി കിട്ടിയിരിക്കുകയാണ് അവര്‍ക്ക്. കാസര്‍കോട് ജില്ലാ കളക്ടറായിരുന്ന തൊടുപുഴ മണക്കാട് സ്വദേശി ജീവന്‍ ബാബുവാണ് ഇടുക്കി ജില്ലയുടെ സ്വന്തം കളക്ടറായി എത്തുന്നത്.

ചെറുപ്പം മുതലേ ഐഎഎസ് മോഹം ഉണ്ടായിരുന്ന ജീവന്‍ ബാബു 2009ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. അതോടെ 2009ല്‍ മുംബൈ കസ്റ്റംസില്‍ അസി. കമ്മീഷണറായി നിയമനം ലഭിച്ചു.

ആ ജോലിയിലും ഐഎഎസ് എന്ന മോഹം കൈവിടാതെ രണ്ടാമതും പരീക്ഷയെഴുതി. അങ്ങനെ ഐപിഎസ് കിട്ടി. 2010ല്‍ പശ്ചിമബംഗാളില്‍ എഎസ്പിയായി നിയമനവും ലഭിച്ചു. എന്നാല്‍ ഐഎഎസ് തന്നെ വേണമെന്ന ദൃഢനിശ്ചയമെടുത്ത ജീവന്‍ ബാബുവിന് മൂന്നാമത്തെ ശ്രമത്തില്‍ ആ സ്വപ്നത്തിലേക്ക് എത്താന്‍ കഴിഞ്ഞു.

2011ല്‍ പരിശീലനം കഴിഞ്ഞ് ആദ്യം നിയമനം ലഭിച്ചത് തൃശൂര്‍ സബ് കളക്ടറായിട്ടായിരുന്നു. അക്കാലത്ത് മികച്ച സബ് കളക്ടര്‍ എന്ന സര്‍ക്കാരിന്റെ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

റവന്യൂ വകുപ്പ് സര്‍വേ ഡയറക്ടര്‍, എക്സൈസ് അഡീഷനല്‍ കമ്മീഷണര്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാസര്‍കോട് കളക്ടറായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. പിന്നീടാണിപ്പോള്‍ ഇടുക്കി കളക്ടറായി അദ്ദേഹമെത്തിയിരിക്കുന്നത്.

Related posts