രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചൈല്‍ഡിന്റെ’ നാളുകള്‍ എണ്ണപ്പെട്ടുവോ ? നാനോ കാറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നു ? ജൂണില്‍ വിറ്റത് വെറും മൂന്നു കാറുകള്‍…

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന പേരുമായെത്തിയ ടാറ്റാ നാനോയുടെ നാളുകള്‍ എണ്ണപ്പെട്ടുവോ ? നാനോയുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ജൂണ്‍ മാസത്തില്‍ ഒറ്റ കാര്‍ മാത്രമാണ് നിര്‍മിച്ചത്. 2017 ജൂണില്‍ ഉത്പാദനം 275 കാറുകളായിരുന്നു എന്നോര്‍ക്കണം. ജൂണില്‍ വിറ്റതാവട്ടെ വെറും മൂന്നുകാറുകളും. ഒരു വര്‍ഷം മുന്‍പ് ഇതേ മാസത്തില്‍ വില്പനയായത് 167 യൂണിറ്റുകളായിരുന്നു.

രത്തന്‍ടാറ്റയുടെ ബ്രെയിന്‍ ചൈല്‍ഡ് എന്നറിയപ്പെട്ട നാനോയുടെ കയറ്റുമതിയും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 നാനോ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ ജൂണില്‍ കയറ്റുമതി വട്ടപൂജ്യമായി.

ഉത്പാദനം നിര്‍ത്തുകയാണോ എന്ന് ഒരു സാമ്പത്തിക ദിനപത്രം ആരാഞ്ഞപ്പോള്‍ ടാറ്റയുടെ വക്താവിന്റെ മറുപടി ഇങ്ങനെ – ഇന്നത്തെ നിലയില്‍ നാനോയ്ക്ക് 2019നപ്പുറം പോകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം.

നിലനില്‍ക്കണമെങ്കില്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ കസ്റ്റമര്‍ ഡിമാന്‍ഡുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരും.

2008ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ നാനോയുടെ ചരിത്രം തിരുത്തിയ രംഗപ്രവേശം. ‘ഒരു ലക്ഷം രൂപയ്ക്കു കാര്‍’ എന്ന രത്തന്‍ ടാറ്റയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ലോകം വരവേറ്റത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതി നേടിയ നാനോ ആദ്യ ഘട്ടത്തില്‍ വിപണിയില്‍ താരമായി.

എന്നാല്‍ മെല്ലെ അതിനോടുള്ള താല്പര്യം കുറഞ്ഞു വന്നു. സാങ്കേതിക തകരാറുകള്‍ കൂടുതല്‍ പ്രശ്‌നമായി. ഇന്ധന ടാങ്ക് മുമ്പിലാണെന്നത് അപകട സാധ്യത കൂട്ടുന്ന ഘടകമായി. കാറിന് തീ പിടിച്ച സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉണ്ടായി.

വില രണ്ടു ലക്ഷത്തിന് അടുത്താവുകയും ചെയ്തതും വിപണിയില്‍ തിരിച്ചടിയായി. ഇതെല്ലാം കസ്റ്റമേഴ്‌സിനെ നാനോയില്‍ നിന്ന് അകറ്റുകയായിരുന്നു.

Related posts