2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയ്ക്ക് മിന്നും തുടക്കം. വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) 234ൽ 107 സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉദിച്ചുയർന്നു. രജനീകാന്ത്, കമൽഹാസൻ, രശ്മിക മന്ദാന, എ.ആർ. റഹ്മാൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ വിജയ്യുടെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
വിജയിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്ബു സുന്ദറും ആശംസകൾ നേർന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ സന്തോഷം പങ്കുവച്ചു. തമിഴ്നാട്ടിലെ തകർപ്പൻ വിജയത്തിന് എന്റെ സഹോദരൻ വിജയിനും ടിവികെയുടെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ. നിങ്ങളെ ഒരു യഥാർത്ഥ ‘ജനനായകൻ’ ആയി കാണാൻ ഞാൻ കാത്തിരിക്കുന്നു.
സൂപ്പർസ്റ്റാർ രജനീകാന്ത് കുറിച്ചു: “തമിഴക വെട്രി കഴകം പ്രസിഡന്റ് തിരു വിജയിനും പാർട്ടിയംഗങ്ങൾക്കും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് എന്റെ അഭിനന്ദനങ്ങൾ.” ധനുഷ്, വെങ്കിടേഷ് ദഗ്ഗുബതി, ചിരഞ്ജീവി, കാജൽ അഗർവാൾ, അനിരുദ്ധ് രവിചന്ദർ, ചിലമ്പരശൻ ടിആർ, കാർത്തി, മഹേഷ് ബാബു തുടങ്ങി പ്രമുഖരുടെ ഒരു നിര തന്നെ രാഷ്ട്രീയ പ്രവേശനത്തിലെ ഈ വമ്പൻ നേട്ടത്തിന് വിജയിയെ അഭിനന്ദിച്ചു. വിജയ്ക്ക് വിജയാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
