വിജയ് മല്ല്യയെ തിരികെയെത്തിക്കാനുള്ള വാദം ഇന്നാരംഭിക്കും! ഇന്ത്യന്‍ ജയിലിലെ ലോക്കല്‍ സെറ്റപ്പ് പിടിക്കാത്ത മല്ല്യയ്ക്കായി അത്യാധുനിക സെല്‍ ഒരുങ്ങി; വാദം ഇന്ന് ലണ്ടന്‍ കോടതിയില്‍

17 ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ ലണ്ടനിലേയ്ക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ സംബന്ധിച്ച കേസില്‍ വാദമിന്ന് പുനരാരംഭിക്കും. ഇന്ത്യയിലേയ്ക്ക് മല്യയെ മടക്കി അയക്കുന്നത് സംബന്ധിച്ച കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്നു വരികയാണ്. ഇന്ത്യന്‍ ജയിലുകളിലെ ലോക്കല്‍ അവസ്ഥ തനിക്ക് പറ്റില്ലെന്ന് മല്യ നേരത്തേ അറിയിച്ചിരുന്നു.

ഇത് പ്രകാരം മുംബൈ ആര്‍തര്‍ റോഡ് ജയില്‍ നവീകരിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം ജയില്‍ സജ്ജമായി കഴിഞ്ഞു. ഈ വിവരം ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ വൃത്തിയുള്ളവയല്ലെന്നും, ഭക്ഷണവും, ടോയ്ലറ്റ് സൗകര്യവും തനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നും, മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമായിരുന്നു മല്യയുടെ വാദം. 17 ബാങ്കുകളില്‍ നിന്നായാണ് 9000 കോടിയുടെ വായ്പ മല്യ എടുത്തത്.

മല്യയ്ക്കായി ലണ്ടനിലെ പ്രശസ്തരായ അഭിഭാഷകരാണ് വാദിക്കുന്നത്. 14 വരെ വാദം തുടരുന്ന കേസില്‍ ഈ വര്‍ഷം അവസാനത്തോടെ വിധിയുണ്ടാകും. വിധി മല്യയ്ക്ക് എതിരായാല്‍ രണ്ടു മാസത്തിനകം ഇന്ത്യയ്ക്ക് വിട്ടു കിട്ടും. പക്ഷേ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. നേരത്തെ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബ്രിട്ടണ്‍ മല്യയെ അറസ്റ്റ് ചെയ്തുവെങ്കിലും അറസ്റ്റിന് തൊട്ടുപിന്നാലെ മല്യ 6. 5 ലക്ഷം പൗണ്ടിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Related posts