ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാടയുഗം

VIRAD-KOHILIപുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ള കളിയായ ക്രിക്കറ്റില്‍ ഇന്ത്യ അധീശത്വം ഉറപ്പിച്ചിരിക്കുകയാണ്, ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി മാറിയതു കൂടാതെ ട്വന്റി 20യില്‍ ഏക്കാലത്തും പുലര്‍ത്തിയ ഫോം മങ്ങലേല്‍ക്കാതെ കാക്കാന്‍ ഇന്ത്യക്കായി. ഏകദിനത്തിലും ശരാശരിക്കു മുകളിലുള്ള പ്രകടനത്തിലൂടെ ഇന്ത്യ കുതിക്കുകയാണ്. മൂന്നു ഫോര്‍മാറ്റും പരിഗണിച്ചാല്‍ ഇന്ത്യയുടെ വിജയശതമാനം 70 ആണ്.

ഈ കണക്കു മാത്രം മതി 2016നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ വര്‍ഷമായി വിശേഷിപ്പിക്കാന്‍. ടെസ്റ്റില്‍ വിരാട് കോഹ്‌ലി എന്ന നായകന്റെ പിറവി ഇന്ത്യക്കു കൂടുതല്‍ വിജയങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഏകദിനത്തിലും കുട്ടി ക്രിക്കറ്റിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ രക്തത്തിനായി ഒന്നിലേറെ തവണ മുറവിളി ഉയര്‍ന്നു കഴിഞ്ഞു. 2017ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ധോണിക്ക് ഏറെ നിര്‍ണായകമാണ്. അതില്‍ പരാജയമേറ്റു വാങ്ങിയാല്‍ ധോണി സ്വയം ആഗ്രഹിച്ചില്ലെങ്കിലും വിരമിക്കാനുള്ള തീരുമാനം ഒഴിവാക്കാനാവാത്ത സ്ഥിതി സംജാതമാകും.

ടെസ്റ്റുകളില്‍ ഇന്ത്യന്‍ വീരഗാഥ

ക്രിക്കറ്റിന്റെ യഥാര്‍ഥ പരീക്ഷണത്തില്‍ റാങ്കോടെ പാസായ ടീമാണ് ഇപ്പോള്‍ ഇന്ത്യ. കോഹ്‌ലിയുടെ നേതൃത്വത്തില്‍ പരമ്പരകള്‍ ഒന്നൊന്നായി ഇന്ത്യ സ്വന്തമാക്കുന്നത് ലോക ഒന്നാം നമ്പര്‍ പദവിയിലേക്കുള്ള യാത്ര സുഗമമാക്കി. തുര്‍ച്ചയായുള്ള ഏകദിന ട്വന്റി 20 പരമ്പരകള്‍ക്കു ശേഷമാണ് ഇന്ത്യ 2016ല്‍ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസിലേക്കു പുറപ്പെട്ടത്. ടെസ്റ്റിലെ മത്സരക്കുറവും പരിചയക്കുറവും ഇന്ത്യയെ പിന്നോട്ടടിക്കുമെന്ന വാദങ്ങള്‍ ശക്തമായിരുന്നെങ്കിലും നാലു മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 20 ത്തിന് സ്വന്തമാക്കി.

വിരാട് കോഹ്‌ലിയുടെ ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ ആധാരം. അടുത്തത് ന്യൂസിലന്‍ഡിന്റെ ഊഴമായിരുന്നു. മൂന്നു ടെസ്റ്റുകള്‍ക്കായി ഇന്ത്യയിലെത്തിയ കിവീസിനെ ഇന്ത്യ ഒരു ടെസ്റ്റില്‍ പോലും വിജയിക്കാന്‍ അനുവദിച്ചില്ല. 30ത്തിന് കിവീസിനെതിരായ പരമ്പര തൂത്തുവാരിയതാണ് ഇന്ത്യയെ ടെസ്റ്റിലെ ലോക ഒന്നാം നമ്പര്‍ പട്ടത്തിലേക്ക് എത്തിച്ചത്. ചിരവൈരികളായ പാക്കിസ്ഥാനെ ഒന്നാം സ്ഥാനത്തുനിന്നും താഴെയിറക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ഇന്ത്യയില്‍ മികച്ച റിക്കാര്‍ഡുള്ള ഇംഗ്ലണ്ടിനും ഇത്തവണ കരകയറാനായില്ല. അഞ്ചു മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത് 40ത്തിന്. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സമനില പിടിക്കാനായതു മാത്രമാണ് ഇംഗ്ലണ്ടിന് ഏക ആശ്വാസം. രണ്ടു ടെസ്റ്റുകളില്‍ ആദ്യം ബാറ്റിംഗിനിറങ്ങി 400 റണ്‍സിനു മുകളില്‍ നേടിയിട്ടും ഇന്ത്യ ഇന്നിംഗ്‌സ് വിജയം നേടിയത് ടെസ്റ്റിലെ ഇന്ത്യന്‍ കരുത്തിന് അടിവരയായി. തുടര്‍ച്ചായി 18 ടെസ്റ്റുകളില്‍ പരാജയമറിഞ്ഞിട്ടില്ല എന്ന റിക്കാര്‍ഡ് നേടിയാണ് ടെസ്റ്റിലെ ഇന്ത്യന്‍ ജൈത്രയാത്ര. കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറി ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങളുടെ പ്രൗഢി വര്‍ധിപ്പിക്കുന്നു.

ധോണി ചോദ്യം ചെയ്യപ്പെടുന്നു

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏകദിന പരമ്പരയോടെയായിരുന്നു ഇന്ത്യയുടെ വര്‍ഷം തുടക്കമായത്. എന്നാല്‍, എല്ലാവരും മറക്കാനാഗ്രഹിക്കുന്ന വന്‍പരാജയമാണ് ഇന്ത്യയെ കാത്തിരുന്നത്. ആദ്യ നാല് ഏകദിനങ്ങളിലും തോറ്റ് സമ്പൂര്‍ണ പരാജയം ഇന്ത്യ അംഗീകരിക്കുമെന്നുള്ള അവസ്ഥയിലാണ് മനീഷ് പാണ്ഡെ ഇന്ത്യയുടെ രക്ഷകനായത്. മനീഷ് പാണ്ഡെയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ രക്ഷപ്പെട്ടു. പ്രധാന താരങ്ങള്‍ക്കു വിശ്രമം നല്‍കിയുള്ള സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ 30ത്തിന് ജയിച്ചു കയറി.

ടെസ്റ്റില്‍ കിവീസിനെ വന്‍ മാര്‍ജിനില്‍ കീഴടക്കിയതിന്റെ ആവേശത്തില്‍ ഏകദിനത്തിനിറങ്ങിയ ഇന്ത്യയെ ന്യൂസിലന്‍ഡ് വെള്ളം കുടിപ്പിച്ചു. സ്വയം പൊസിഷനില്‍ സ്ഥാനക്കയറ്റം നല്‍കി ധോണി തനിക്ക് ഇനിയും ബാല്യമുണ്ടെന്നുള്ള ശക്തമായ സന്ദേശം നല്‍കിയ പരമ്പരയില്‍ ഒന്നു പതറിയെങ്കിലും ഇന്ത്യ 32 എന്ന നിലയ്ക്കു പരമ്പര സ്വന്തമാക്കി. 2017ന്റെ തുടക്കത്തില്‍ ഇന്ത്യ  ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കു തുടക്കമാകും.

കുട്ടിക്രിക്കറ്റില്‍ പരീക്ഷണഘട്ടം

ടെസ്റ്റും ഏകദിനവും പോലെ മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ മാത്രം പോരാ ട്വന്റി 20 ക്രിക്കറ്റില്‍ വിജയിക്കണമെങ്കില്‍ ഭാഗ്യവും തുണയ്ക്കണം. അത് ഏറ്റവും അറിയുന്ന ടീമും ഇന്ത്യതന്നെയാണ്. പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ഇന്ത്യ വിജയം നുകര്‍ന്നത് ഈ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ്. ട്വന്റി20യില്‍ എന്നും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ടീമാണ് ഇന്ത്യ. വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസീസിനു മുന്നില്‍ ഏകദിനത്തില്‍ നാണം കെട്ട ഇന്ത്യ തിരിച്ചടി നല്‍കിയത് മൂന്നു മത്സര ട്വന്റി 20 പരമ്പര തൂത്തുവാരിയാണ്.

പിന്നീട് നടന്ന ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പര 21ന് സ്വന്തമാക്കിയപ്പോള്‍ പ്രഥമ ട്വന്റി 20 ഏഷ്യാ കപ്പിലും ഇന്ത്യ മുത്തമിട്ടു. ട്വന്റി 20 ലോകകപ്പില്‍ പക്ഷേ ഇന്ത്യയുടെ യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. തുടര്‍ന്നുള്ള സിംബാബവെ പരമ്പരയില്‍ ലോക ഒന്നാം നമ്പര്‍ ട്വന്റി20 സഖ്യത്തിന്ആദ്യകളിയില്‍ കാലിടറി. പരമ്പര 21ന് സ്വന്തമാക്കിയെങ്കിലും സിംബാബ്‌വെയ്‌ക്കെതിരായ തോല്‍വി ഇന്ത്യയ്ക്കു വലിയ ക്ഷീണമാണ് നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിലും ഇന്ത്യ ഒരു റണ്ണിന് പരാജയം ഏറ്റുവാങ്ങി. നിലവില്‍ ന്യൂസിലന്‍ഡിനു പിന്നില്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ കോഹ്‌ലിമയം

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ യുഗപ്പിറവിയുടെ ആരംഭത്തിനാണ് 2016 സാക്ഷ്യം വഹിച്ചത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ വിജയങ്ങളില്‍ കോഹ്‌ലിയുടെ പ്രകടനങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരാള്‍ ഇത്രയധികം സ്വാധീനിച്ച ചരിത്രമുണ്ടായിട്ടില്ല. പരമ്പരകളിലെല്ലാം കോഹ്‌ലിയുടെ ബാറ്റില്‍നിന്ന് റണ്‍സ് ഒഴുകിക്കൊണ്ടേയിരുന്നു. ടെസ്റ്റില്‍ 1215 ഉം ഏകദിനത്തില്‍ 739ഉം ട്വന്റി20യില്‍ 641 ഉം എന്നിങ്ങനെയായിരുന്നു കോഹ്‌ലി 2016ല്‍ കുറിച്ച റണ്‍സുകള്‍. ടെസ്റ്റില്‍ രണ്ട് ഇരട്ടസെഞ്ചുറികളും കോഹ്‌ലിയുടെ ബാറ്റില്‍ പിറന്നു.

അശ്വിന്‍  ജഡേജ സ്പിന്‍ ദ്വയം

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട രവിചന്ദ്ര അശ്വിന്റെയും കൂട്ടാളി രവീന്ദ്ര ജഡേജയുടെയും സ്പിന്‍ ആക്രമണങ്ങളാണ് ഇന്ത്യന്‍ വിജയങ്ങല്‍ക്കു അടിത്തറയായിരുന്നത്. ടെസ്റ്റില്‍ ഈ സഖ്യം എതിര്‍ ടീമിന്റെ ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്തികൊണ്ടിരുന്നു.

72 വിക്കറ്റുകളാണ് അശ്വിന്‍ 2016ല്‍ ടെസ്റ്റുകളില്‍ നിന്നു മാത്രം നേടിയത്. 43 വിക്കറ്റുകള്‍ പിഴുത് അശ്വിനു ഒത്ത പിന്തുണ നല്‍കിയ ജഡേജയും വര്‍ഷം അതിഗംഭീരമായി പൂര്‍ത്തിയാക്കി. ബോള്‍ കൊണ്ടു മാത്രമല്ല, ബാറ്റ് കൊണ്ടു ഇരുവരുടെയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഐസിസിയുടെ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ ഒന്നാം സ്ഥാനത്തും ജഡേജ മൂന്നാം സ്ഥാനത്തുമാണ്.

വനിതകളും മോശമാക്കിയില്ല

വനിതാ ക്രിക്കറ്റില്‍ ഇന്ത്യ വെള്ളിവെളിച്ചത്തിലേക്കു കടന്നുവന്ന വര്‍ഷം കൂടിയാണ് 2016. ലോക ട്വന്റി 20 ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു പരമ്പര നേടിയപ്പോള്‍ ട്വന്റി 20 ലോകകപ്പിനും ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ഇന്ത്യക്കു സാധിച്ചു. ഇന്ത്യയുടെ സ്മൃതി മന്ദന ഐസിസി ഇലവനിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയായപ്പോള്‍ സ്മൃതിക്കൊപ്പം ഹര്‍മന്‍പ്രീത് കൗറിനും വിദേശ ലീഗില്‍ കളിക്കാനുള്ള അവസരം കൈവന്നു. ഏഷ്യാ കപ്പില്‍ മുത്തമിട്ടതും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങള്‍ക്കു നിറപ്പകിട്ടേകുന്നു.

റാങ്കിംഗില്‍ ഇന്ത്യയും ഓസീസും ന്യൂസിലന്‍ഡും !

ലോക ചാമ്പ്യന്മാരായ ഓസീസാണ് ഏകദിന ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ന്യൂസിലന്‍ഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. സിംബാബ്‌വെയെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ പത്താം സ്ഥാനത്ത് എത്തി. ലോക ചാമ്പ്യന്മാരായിട്ടുള്ള പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശിന്റെ പിന്നിലാണ് വര്‍ഷാവസാനത്തെ റാങ്കിംഗില്‍.

ബംഗ്ലാ കടുവകള്‍ ഏഴാം സ്ഥാനത്താണ്. ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് തൊട്ടുപിന്നില്‍. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. ദക്ഷിണാഫ്രിക്കയോടു പരമ്പര അടിയറവു പറഞ്ഞെങ്കിലും ഓസീസാണ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ല്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ കിരീടമുയര്‍ത്തിയതു വെസ്റ്റ് ഇന്‍ഡീസാണ്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു വിന്‍ഡീസിന്റെ കിരീടധാരണം.

Related posts