ജനവാസമേഖലയിലിറങ്ങിയ പുള്ളിപ്പുലി മദ്യഷോപ്പിൽ കയറി സെയിൽസ്മാനെ ആക്രമിച്ചു. രാജസ്ഥാനിലെ ടോങ്ക് നഗരത്തിൽ തിങ്കളാഴ്ച രാവിലെയാണ് ഭീതിയുണർത്തിയ സംഭവം ഉണ്ടായത്. തിരക്കേറിയ മാർക്കറ്റിലൂടെ 400 മീറ്ററോളം ഓടിയ പുള്ളിപ്പുലി മൂന്നുപേരെ പരിക്കേൽപ്പിച്ചു. അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടിവെച്ച് പിടികൂടി.
സമീപത്തെ കാട്ടിൽ നിന്ന് വഴിതെറ്റിയെത്തിയ മുതിർന്ന ആൺപുലിയെ ആദ്യം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പൊന്തക്കാടുകളിലാണ് കണ്ടത്. വിവരം അറിഞ്ഞ് പരിശോധിക്കാനെത്തിയ രാകേഷ് മാലി എന്ന ഫോറസ്റ്റ് വോളന്റിയറെ പുലി ആക്രമിക്കുകയും കാലിന് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിലൂടെ ഓടിയ പുലി സമീപത്തെ മദ്യഷോപ്പിലേക്ക് ഇരച്ചുകയറി.
കടയിലുണ്ടായിരുന്ന സെയിൽസ്മാനെ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. സെയിൽസ്മാൻ പുലിയുമായി ജീവനുവേണ്ടി മല്ലിടുന്നതിന്റെയും, ഒടുവിൽ രക്ഷപ്പെട്ട് പുറത്തേക്ക് ഓടുന്നതിന്റെയും ഭീതിദമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെയിൽസ്മാൻ ഓടി രക്ഷപ്പെട്ടതോടെ പുലി കടയിലെ മേശയ്ക്കടിയിൽ അഭയം പ്രാപിച്ചു. പിന്നീട് വനംവകുപ്പ് സംഘമെത്തി മയക്കുവെടി വെച്ചാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
