പ്രതിമാസം 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിട്ടും ഇന്ത്യ വിട്ട് ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഒരുങ്ങുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് 26കാരനായ ഐടി ജീവനക്കാരൻ. ഡാനിയേൽ എന്ന് പേരുള്ള യുവാവാണ് തന്റെ ഈ തീരുമാനത്തെകുറിച്ച് ഒരു ഷോയിൽ തുറന്നു പറയുന്നത്.
വിദേശ കമ്പനിക്ക് വേണ്ടി ഇന്ത്യയിലിരുന്ന് ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 3,700 യൂറോയാണ് (ഏകദേശം 4 ലക്ഷം രൂപ) ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ഇതിൽ 1.20 ലക്ഷം രൂപ മാത്രമാണ് പ്രതിമാസ ചെലവുകൾക്കായി ഉപയോഗിക്കുന്നത്. ബാക്കി തുക വിദേശത്തേക്ക് കുടിയേറുന്നതിനായുള്ള കാര്യങ്ങൾക്കായി കരുതിവെക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനാണ് യുവാവിന്റെ തീരുമാനം.
“എന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ട്, എന്നാൽ ഇതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല. രാജ്യം പോകുന്ന പോക്ക് കണ്ടിട്ട് എനിക്ക് ഇവിടെ യാതൊരു പ്രതീക്ഷയും തോന്നുന്നില്ല. ഭാവിയിൽ ഉണ്ടാകുന്ന കുട്ടികൾക്ക് നല്ലൊരു ജീവിതനിലവാരം ഉറപ്പാക്കാനാണ് ഞാൻ രാജ്യം വിടാൻ ആഗ്രഹിക്കുന്നതെന്ന് ഡാനിയേൽ വ്യക്തമാക്കുന്നു.
അടുത്ത 7 മാസത്തിനുള്ളിൽ പിആർ അപേക്ഷയ്ക്കുള്ള തുക കണ്ടെത്താനായി പ്രതിമാസം 1.5 ലക്ഷം രൂപയുടെ റെക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കാൻ യുവാവിന് ഉപദേശം ലഭിക്കുന്നു. നിലവിൽ ഇന്ത്യൻ യുവാക്കൾ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം തന്റെ ആശങ്ക പ്രകടിപ്പിക്കുന്നു.
ഉയർന്ന നികുതി നിരക്കുകൾ, ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകൾ റദ്ദാക്കലും മൂലം വിദ്യാർഥികൾ നേരിടുന്ന ദുരിതങ്ങൾ, ഇന്ധനത്തിന്റെ ഗുണനിലവാരമില്ലായ്മ എന്നിവയെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തലമുറ ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നത് വലിയൊരു “മഹാമാരി” പോലെ പടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
